Amrit Bharat Express: അഞ്ച് അമൃത് ഭാരത് എക്‌സ്പ്രസുകള്‍ കൂടി ഇറങ്ങുന്നു; ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും
PM Modi Flags off 5 Amrit Bharat Express Trains Today: ഹൗറ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ അമൃത് ഭാരത് എക്‌സ്പ്രസ്, സീല്‍ഡ-ബനാറസ് അമൃത് ഭാരത് എക്‌സ്പ്രസ്, സന്ത്രാഗച്ചി-താംബരം അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവയാണ് പശ്ചിമ ബംഗാളിന് ലഭിക്കുന്ന ട്രെയിനുകള്‍.

അമൃത് ഭാരത് എക്‌സ്പ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അഞ്ച് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. പശ്ചിമ ബംഗാളില്‍ നിന്നും അസമില്‍ നിന്നുമുള്ള ട്രെയിനുകളാണ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ പോകുന്നത്. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നിന്നാണ് മൂന്ന് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. ട്രെയിനുകള്‍ക്ക് പുറമെ 830 കോടി രൂപയുടെ വമ്പന്‍ പദ്ധതികളും ബംഗാളില്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
ഹൗറ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ അമൃത് ഭാരത് എക്‌സ്പ്രസ്, സീല്‍ഡ-ബനാറസ് അമൃത് ഭാരത് എക്‌സ്പ്രസ്, സന്ത്രാഗച്ചി-താംബരം അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവയാണ് പശ്ചിമ ബംഗാളിന് ലഭിക്കുന്ന ട്രെയിനുകള്‍.
അസമിലെ നാഗോണ്‍ ജില്ലയിലെ കാലിയബോറില്‍ നിന്നാണ് അവിടുന്നുള്ള ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. കാമാഖ്യ-റോഹ്തക് അമൃത് ഭാരത് എക്‌സ്പ്രസ്, ദിബ്രുഗഡ്-ലഖ്‌നൗ (ഗോമതി നഗര്‍) അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവയാണ് ഈ ട്രെയിനുകള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഇതുവഴി കേന്ദ്രം ലക്ഷ്യമിടുന്നത്.
നിലവില്‍ രാജ്യത്തുടനീളം 34 അമൃത് ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അഞ്ച് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂടി എത്തുന്നതോടെ ആകെ ട്രെയിനുകളുടെ എണ്ണം 39 ആകും. അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന പുതിയ ട്രെയിനുകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
ആയിരം കിലോമീറ്ററിന് ഏകദേശം അഞ്ഞൂറ് രൂപ എന്ന നിരക്കിലാണ് അമൃത് ഭാരതില്‍ ടിക്കറ്റുകള്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സാമൂഹികാന്തരീക്ഷം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം നാല് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ന്യൂ ജല്‍പായ്ഗുരി-നാഗര്‍കോവില്‍ അമൃത് ഭാരത് എക്‌സ്പ്രസ്, ന്യൂ ജല്‍പായ്ഹുരി-തിരുച്ചിറപ്പള്ളി അമൃത് ഭാരത് എക്‌സ്പ്രസ്, അലിപുര്‍ദുവാര്‍-എസ്എംവിടി ബെംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ്, അലിപുര്‍ദുവാര്‍-മുംബൈ പന്‍വേല്‍ അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവയാണത്.