Pigeon: പ്രാവിനെ മോഷ്ടിച്ചതിന് 13 വയസുകാരനെ തല്ലിക്കൊന്നു; മൂന്ന് പേർക്കെതിരെ കേസ്
13 Year Old Murdered For Pigeon Theft: പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് 13 വയസുകാരനെ തല്ലിക്കൊന്നു. പ്രതികളായ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പ്രാവിനെ മോഷ്ടിച്ച 13 വയസുകാരനെ തല്ലിക്കൊന്ന കേസിൽ മൂന്ന് പേർക്കെതിരെ കേസ്. ഏഴാം ക്ലാസുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം ശനിയാഴ്ച രാത്രിയാണ് കണ്ടെടുത്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം ചുരുളഴിയുന്നതും മൂന്ന് പേർക്കെതിരെ കേസെടുക്കുന്നതും.
പഞ്ചാബിലെ മാൻസ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം മുതൽ രാജ സിംഗ് എന്ന 13 വയസുകാരനെ കാണാനില്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. പ്രാവിനെ മോഷ്ടിച്ചതിനെ തുടർന്ന് ചിലർ മകനെ വല്ലാതെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം മാൻസയിലെ റോർഡ്കി ഗ്രാമത്തിന് പുറത്തുള്ള മരത്തിന് സമീപം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ പിതാവിൻ്റെ മൊഴിയനുസരിച്ച് മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. ടർലോചൻ സിംഗ്, കാല സിംഗ്, തേജ സിംഗ് എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്. ഇവരെ എത്രയും വേഗം പിടികൂടുമെന്നും തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. എങ്ങനെയാണ് കുട്ടി മരണപ്പെട്ടത് എന്ന വിവരം പോസ്റ്റ്മാർട്ടത്തിന് ശേഷം കൃത്യമായി അറിയാൻ കഴിയും. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.