Major Indian Military Operations: സർജിക്കൽ സ്ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും; ഇന്ത്യയുടെ നിർണായക സൈനീക ഓപ്പറേഷനുകൾ
Five Major Indian Military Operations Against Pakistan: ഇതാദ്യമായല്ല ഇന്ത്യ ഇത്തരത്തിൽ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൈനിക നീക്കം നടത്തുന്നത്. 2016ൽ നടന്ന ഉറി സർജിക്കൽ സ്ട്രൈക്കും 2019ൽ നടന്ന ബാലാക്കോട്ട് വ്യോമാക്രമണവും ഇന്നും ഓരോ ഇന്ത്യക്കാരുടെയും മനസ്സിൽ ഉണ്ട്.

പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക നീക്കം മെയ് 7ന് പുലർച്ചെ 1.44നാണ് നടത്തിയത്. പഹൽഗാമിന് തിരിച്ചടി നൽകുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാദ്യമായല്ല ഇന്ത്യ ഇത്തരത്തിൽ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൈനിക നീക്കം നടത്തുന്നത്. 2016ൽ നടന്ന ഉറി സർജിക്കൽ സ്ട്രൈക്കും 2019ൽ നടന്ന ബാലാക്കോട്ട് വ്യോമാക്രമണവും ഇന്നും ഓരോ ഇന്ത്യക്കാരുടെയും മനസ്സിൽ ഉണ്ട്. അതിനിടെയാണ് പഹൽഗാം ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം മറുപടി നൽകിയിരിക്കുന്നത്.
സർജിക്കൽ സ്ട്രൈക്ക്
2016 സെപ്‌തംബർ 18ന് ജമ്മു കശ്മീരിലെ സൈനിക പോസ്റ്റുകൾക്ക് നേരെ ഭീകരർ നടത്തിയ ഉറി ആക്രമണത്തിന് സെപ്തംബർ 29നാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയത്. ഇതിനെ സൈന്യം സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിച്ചു. നിയന്ത്രണരേഖ മറികടന്ന് പാക് അധീന കശ്‌മീരിൽ കടന്നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. വടക്കൻ കശ്‌മീരിലെ ഉറി സൈനികക്യാമ്പിൽ നുഴഞ്ഞുകയറിയ ഭീകരർ നടത്തിയ ആക്രമണത്തിൽ അന്ന് 19 ജവാൻമാർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്താനും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായിരുന്നു. ആക്രമണം നടന്ന് കൃത്യം പത്ത് ദിവസത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണരേഖ മറികടന്ന് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം മിന്നലാക്രമണം നടത്തുകയായിരുന്നു. സെപ്തംബർ 29ന് അർധരാത്രിയോടെ നടത്തിയ ആക്രമണത്തിൽ 38 ഭീകരരേയും രണ്ട് ജവാന്മാരേയും സൈന്യം വധിച്ചു.
ബാലകോട്ട് ആക്രമണം
2019 ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമ ജില്ലയിൽ അവന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. സ്ഫോടക വസ്‌തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. 40 സിആർപിഎഫ് ജവാന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിന്നാലെ പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു ബാലാകോട്ട് വ്യോമാക്രമണം.
പുൽവാമ ആക്രമണത്തിന് പന്ത്രണ്ട് ദിവസങ്ങൾക്കിപ്പുറം ഫെബ്രുവരി 26നായിരുന്നു ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പുലർച്ചെ മൂന്നേമുക്കാൽ മുതൽ 21 മിനിട്ട് നീണ്ടുനിൽക്കുന്ന ആക്രമണത്തിൽ 350 ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായിരുന്നു ബാലാകോട്ടിലേത്. ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 പോര്‍വിമാനങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ഓപ്പറേഷൻ വിജയ്
1999 ജൂലൈ 26 നാണ് നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തിയോടിച്ച ‘ഓപ്പറേഷന്‍ വിജയ്’ നടന്നത്. 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് നുഴഞ്ഞുകയറി പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. എന്നാല്‍ ഇത് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷമാണ്. തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റമെന്നാണ് ഇന്ത്യന്‍ സൈന്യം ആദ്യം കരുതിയതെങ്കിലും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്ന് മനസ്സിലായത് പിന്നീടാണ്. ഇതോടെ 1999 മെയ് മൂന്നിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു. രണ്ടു മാസവും മൂന്ന് ആഴ്ചയും രണ്ടു ദിവസവും നടത്തിയ കടുത്ത പോരാട്ടത്തിനോടുവിൽ കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചു. 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്.
ഓപ്പറേഷൻ മേഘദൂത്
ഇന്ത്യൻ സൈന്യം ഏറ്റവും വെല്ലുവിളി നേരിട്ടതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ നടന്ന ആദ്യത്തെ ആക്രമണവുമായിരുന്നു ഓപ്പറേഷൻ മേഘദൂത്. സിയാച്ചിൻ ഗ്ലേസിയർ പിടിച്ചെടുക്കുന്നതിനായാണ് ഇന്ത്യൻ കരസേന 1984 ഏപ്രിലിൽ ഓപ്പറേഷൻ മേഘദൂത് എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്. ഗ്ലേസിയർ കൈവശപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമങ്ങളെ മുൻകൂട്ടി തടയുക എന്നതായിരുന്നു ലക്‌ഷ്യം. കഠിനമായ കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും ഉണ്ടായിരുന്നിട്ടും ഇന്ത്യൻ സൈന്യത്തിന് ഗ്ലേസിയറിന്മേൽ നിയന്ത്രണം സ്ഥാപിക്കാൻ കഴിഞ്ഞു. ഇന്നും അത് ഇന്ത്യയുടെ നിയന്ത്രണത്തിൽ തുടരുന്നു.
ഓപ്പറേഷൻ സിന്ദൂർ
മെയ് 7ന് പുലർച്ചെയായിരുന്നു പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒൻപത് ഭീകര കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. ആക്രമണത്തിൽ 70 പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗങ്ങൾ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തുടർന്ന് ഈ വിവരം മൂന്ന് സേനകൾക്കും കൈമാറുകയായിരുന്നു. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്.