Indian Railway: ട്രെയിൻ യാത്ര ചെലവേറും; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ
Indian Railway Train Tickets Cost: ദീർഘദൂര യാത്രക്കാരെയും എസി ക്ലാസുകളിൽ യാത്ര ചെയ്യുന്നവരെയുമാണ് ഈ വർദ്ധനവ് പ്രധാനമായും ബാധിക്കുന്നത്.
രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പുതിയ പരിഷ്കാരങ്ങൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ദീർഘദൂര യാത്രക്കാരെയും എസി ക്ലാസുകളിൽ യാത്ര ചെയ്യുന്നവരെയുമാണ് ഈ വർദ്ധനവ് പ്രധാനമായും ബാധിക്കുന്നത്.
215 കിലോമീറ്റർ (കിലോമീറ്റർ) വരെയുള്ള ജനറൽ ക്ലാസ് ടിക്കറ്റുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല. എന്നാൽ ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നൽകണം. എസി ഫസ്റ്റ് ക്ലാസ്, സെക്കൻഡ് എസി, തേർഡ് എസി, എസി ചെയർ കാർ എന്നിവയുൾപ്പെടെയുള്ള എല്ലാ എസി ക്ലാസുകളിലും കിലോമീറ്ററിന് 2 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. വന്ദേ ഭാരത്, രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകൾക്കും ഇത് ബാധകമാണ്.
ഉദാഹരണത്തിന്, നോൺ-എസി കോച്ചിൽ 500 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന ഒരാൾക്ക് 10 രൂപ മാത്രമാണ് അധികമായി ചെലവാകുക. അതേസമയം, സബർബൻ ട്രെയിനുകളെയും മന്ത്‌ലി സീസൺ ടിക്കറ്റുകളെയും (MST) വർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് സാധാരണക്കാരായ സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്.
ALSO READ: മൂടൽമഞ്ഞ് പണിയായി, ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി
റെയിൽവേയുടെ പ്രവർത്തന ചിലവുകളിൽ ഉണ്ടായ വൻ വർദ്ധനവാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ കാരണമായതെന്നാണ് വിവരം. 2024-25 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ആകെ പ്രവർത്തന ചെലവ് 2,63,000 കോടി രൂപയായാണ് വർദ്ധിച്ചത്. നിലവിൽ 1,15,000 കോടി രൂപയാണ് ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം റെയിൽവേ ചെലവിടുന്നത്.
കൂടാതെ, പെൻഷൻ ഇനത്തിൽ 60,000 കോടി രൂപയും ചെലവ് വരുന്നുണ്ട്. ഈ അധിക ബാധ്യത മറികടക്കുന്നതിനായാണ് ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തിയതെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.