Train Travel Without Ticket: കള്ളവണ്ടി കയറുന്നവരുടെ ശ്രദ്ധയ്ക്ക്! ടിക്കറ്റില്ലാതെ യാത്രചെയ്താൽ പിടിവീഴും
Ticket Checking Team: തിരക്ക് മുതലെടുത്ത് ചില യാത്രക്കാർ ടിക്കറ്റ് എടുക്കാതെയും ജനറൽ ടിക്കറ്റെടുത്ത് റിസർവുചെയ്ത കോച്ചുകളിൽ കയറി മറ്റുയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സാധാരണ കാഴ്ച്ചകളാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം പരാതികളും റെയിൽവേയ്ക്ക് ലഭിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ചെന്നൈ: ഉത്സവ സീണൺ അടുത്തതോടെ ട്രെയിനുകളിൽ കർശന നടപടികളുമായി റെയിൽവേ. ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാൻ 50 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പൂജാ അവധി, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ കണക്കിലെടുത്താണ് പ്രത്യേക സംഘത്തെ പരിശോധന നടത്താൻ നിയോഗിച്ചത്. ടിക്കറ്റില്ലാതെയും ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചുകളിൽ യാത്രചെയ്യുന്നവരെയും സംഘം പിടികൂടും.
രണ്ട് ടിക്കറ്റ് ഇൻസ്‌പെക്ടർമാർ, രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥർ, രണ്ട് റെയിൽവേ പോലീസുകാർ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടാവുക. ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് 1000 രൂപവരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷയാണ് ലഭിക്കുക. സാധാരണ ഉത്സവ സീസണുകളിൽ ദീർഘദൂര എക്‌സ്പ്രസ്, പ്രത്യേക ട്രേയിനുകളിൽ വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്.
ഈ തിരക്ക് മുതലെടുത്ത് ചില യാത്രക്കാർ ടിക്കറ്റ് എടുക്കാതെയും ജനറൽ ടിക്കറ്റെടുത്ത് റിസർവുചെയ്ത കോച്ചുകളിൽ കയറി മറ്റുയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സാധാരണ കാഴ്ച്ചകളാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം പരാതികളും റെയിൽവേയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സമയം മോഷണവും ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിശോധനാസംഘത്തെ നിയോഗിച്ചിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Also Read: ട്രെയിനിലെ തലയിണയും പുതപ്പും ആരാണ് മോഷ്ടിക്കുന്നത്?
ഒക്ടോബർ മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമം
ഒക്ടോബർ ഒന്ന് മുതൽ പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമം പ്രാബല്യത്തിൽ വരും. മുമ്പ്, തത്കാൽ ടിക്കറ്റുകൾക്ക് മാത്രം ബാധകമായിരുന്ന ഈ നിയമം, ഇനി മുതൽ ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ബാധകമാകും. ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിലെ തട്ടിപ്പ് തടയുന്നതിനായാണ് ഇന്ത്യൻ റെയിൽവേ പുതിയ മാറ്റം നടപ്പിലാക്കുന്നത്.
പുതിയ നിയമം അനുസരിച്ച്, റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ പ്രാമാണീകരണം നിർബന്ധമാക്കും. ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിനാണ് ഈ നിബന്ധന.