Dowry Harassment: ‘ജീവിതം മടുത്തു, മറ്റൊരു വഴിയും ഇല്ല’; ഭര്‍ത്താവിനെതിരെ വീഡിയോ; പിന്നാലെ ജീവനൊടുക്കി യുവതി
Raipur Woman Dies By Alleging Dowry Harassment: ഭർത്താവിന്റെ വീട്ടുകാരുടെ പെരുമാറ്റത്തിൽ മടുത്തു, മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നതെന്നും മനീഷ വീഡിയോയിൽ പറഞ്ഞു.
റായ്പൂർ: ഭർതൃകുടുംബത്തിനെതിരെ സ്ത്രീധന പീഡനമാരോപിച്ച ശേഷം യുവതി ജീവനൊടുക്കി. മനീഷ ഗോസ്വാമിയാണ് ഭർത്താവ് ആശുതോഷ് ഗോസ്വാമിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷം ജീവനൊടുക്കിയത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. വിവാഹം കഴിഞ്ഞ് പത്ത് മാസത്തിന് ശേഷമാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതി ആരോപണം ഉന്നയിച്ചത്.
മരിക്കുന്നതിനു തൊട്ടുമുൻപ് യുവതി തന്റെ ഫോണിൽ ആശുതോഷ് ഗോസ്വാമിക്കെതിരെയും അയാളുടെ വീട്ടക്കാർക്കെതിരെയും പീഡന ആരോപണം ഉന്നയിച്ചിരുന്നു. തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും യുവതി വീഡിയോയിൽ ആരോപിക്കുന്നു. വിവാഹം കഴിഞ്ഞതുമുതൽ താൻ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു കാരണവുമില്ലാതെ ഭർത്താവ് തന്നെ അടിക്കാറുണ്ടെന്നും അമ്മായിയമ്മയുടെ പിന്തുണയുണ്ടെന്നും യുവതി പറയുന്നു. ഭർത്താവിന്റെ വീട്ടുകാരുടെ പെരുമാറ്റത്തിൽ മടുത്തു, മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നതെന്നും മനീഷ വീഡിയോയിൽ പറഞ്ഞു.
Also Read: മാസങ്ങളായി എസ്ഐ ബലാത്സംഗം ചെയ്യുന്നു! കൈവെള്ളയിൽ കുറിപ്പെഴുതി വനിതാ ഡോക്ടർ ജീവനൊടുക്കി
താൻ കുടുംബത്തിലെ മൂത്ത മകളാണ്. അച്ഛനാണ് കുടുംബത്തിൻറെ ഏക വരുമാനമാർഗം. പത്ത് മാസത്തെ ദാമ്പത്യ ജീവിതത്തിൽ പത്ത് ദിവസം പോലും താൻ സന്തോഷത്തോടെ ജീവിച്ചിട്ടില്ലെന്നാണ് യുവതി പറയുന്നത്. സ്ത്രീധനവും മറ്റ് ചില പ്രശ്നങ്ങളും പറഞ്ഞുള്ള പീഡനമാണ് മനീഷയെ ആത്മഹത്യയിലേക്ക് നയിച്ചത്. 2025 ജനുവാരിയിലായിരുന്നു മനീഷയുടെയും ആശുതോഷിന്റെയും വിവാഹം.
സംഭവത്തിൽ മനീഷയുടെ പിതാവ് ഡി ഡി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മകൾക്ക് നീതി ലഭിക്കണമെന്നാണ് പിതാവ് പറയുന്നത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വീട്ടുകാരുടേയും അയൽവാസികളുടെയും മൊഴിയെടുത്തു. മനീഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)