Cow cess: ആറു കുപ്പി ബിയറിന് 3262 രൂപ, അതിൽ 20 % കൗ സെസ്, രാജസ്ഥാനിലെ മദ്യവിൽപന ചർച്ചയാകുന്നു
Cow Cess’ on Liquor Bills Sparks Controversy: മിക്ക ഹോട്ടലുകളിലും ഇതിനെ സർചാർജ് എന്ന് മാത്രമാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ തങ്ങൾ ഇത് 'ഗോ സംരക്ഷണ സെസ്' എന്ന് വ്യക്തമായി ബില്ലിൽ രേഖപ്പെടുത്താറുണ്ട്.

cow cess on beer
ജയ്പുർ: രാജസ്ഥാനിൽ പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ‘ഗോ സംരക്ഷണ സെസ്’ (Cow Cess) വീണ്ടും ചർച്ചയാവുന്നു. ജോധ്പുരിലെ ഒരു ബാറിൽനിന്ന് ബിയർ വാങ്ങിയ ഉപഭോക്താവിൽനിന്ന്, മൂല്യവർധിത നികുതിക്ക് (വാറ്റ്) പുറമേ, 20 ശതമാനം അധിക തുക ‘കൗ സെസ്’ എന്ന പേരിൽ ഈടാക്കിയതാണ് സംഭവം. ബില്ലിന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലായതോടെയാണ് ഈ വിഷയം ശ്രദ്ധനേടിയത്.
ജോധ്പുരിലെ പാർക്ക് പ്ലാസയിലെ ജെഫ്രീസ് ബാറിൽ സെപ്റ്റംബർ 30-നാണ് സംഭവം. 2650 രൂപയുടെ ആറ് ബിയറുകൾക്ക്, ജിഎസ്ടിയും വാറ്റും കൂടാതെ ഗോ സംരക്ഷണ സെസ് കൂടി ചേർത്തപ്പോൾ ഉപഭോക്താവിന് ആകെ 3262 രൂപ നൽകേണ്ടി വന്നു.
ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നെങ്കിലും, ഈ സെസ് 2018-ൽ അവതരിപ്പിച്ചതാണെന്നും അന്നുമുതൽ മദ്യവിൽപ്പനയിൽ ഇത് ഈടാക്കുന്നുണ്ടെന്നുമാണ് ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നത്.
Also read – ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഹോട്ടൽ മാനേജർ നിഖിൽ പ്രേം പറയുന്നതനുസരിച്ച്, മിക്ക ഹോട്ടലുകളിലും ഇതിനെ സർചാർജ് എന്ന് മാത്രമാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ തങ്ങൾ ഇത് ‘ഗോ സംരക്ഷണ സെസ്’ എന്ന് വ്യക്തമായി ബില്ലിൽ രേഖപ്പെടുത്താറുണ്ട്.
2018 ജൂണിൽ അന്നത്തെ വസുന്ധര രാജെ സർക്കാരാണ് വിദേശമദ്യം, ഇന്ത്യൻ നിർമിത വിദേശ മദ്യം, നാടൻ മദ്യം, ബിയർ എന്നിവയ്ക്ക് 20 ശതമാനം സർചാർജ് ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ തുക ഗോ സംരക്ഷണത്തിനായി നീക്കിവെച്ചിട്ടുള്ള ഒരു ഫണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്.