Republic Day 2026: പരേഡില്‍ പുരുഷസംഘത്തെ നയിക്കാന്‍ എത്തുന്നത് വനിതാ സിആര്‍പിഎഫ് ഓഫീസര്‍; ആരാണ് സിമ്രാന്‍ ബാല?
Simran Bala to command all-male CRPF marching contingent on Republic Day: റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്മാര്‍ മാത്രം അണിനിരക്കുന്ന സിആര്‍പിഎഫ് സംഘത്തെ നയിക്കുന്നത് വനിതാ ഓഫീസര്‍. അസിസ്റ്റന്റ് കമാന്‍ഡന്റ് സിമ്രാന്‍ ബാലയാണ് ചരിത്രനേട്ടത്തിന്റെ ഭാഗമാകുന്നത്.
ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്മാര്‍ മാത്രം അണിനിരക്കുന്ന സിആര്‍പിഎഫ് സംഘത്തെ നയിക്കുന്നത് ഒരു വനിതാ ഓഫീസര്‍. 26-കാരിയായ അസിസ്റ്റന്റ് കമാന്‍ഡന്റ് സിമ്രാന്‍ ബാലയാണ് ചരിത്രനേട്ടത്തിന്റെ ഭാഗമാകുന്നത്. ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ സിആര്‍പിഎഫ് സംഘത്തെ ഒരു വനിത നയിക്കുന്നത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയാണ് സിമ്രാന്റെ സ്വദേശം.
വിവിധ തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് സിമ്രാന്‍ ബാലയെ പരേഡ് നയിക്കാന്‍ തിരഞ്ഞെടുത്തത്. കര്‍ത്തവ്യപഥില്‍ ആഴ്ചകളോളം റിഹേഴ്‌സലുകല്‍ നീണ്ടുനിന്നു. 140-ലധികം പുരുഷ ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് സിമ്രാന്‍ ബാല നയിക്കുന്നത്.
ഈ അവസരം വലിയൊരു ബഹുമതിയും, ഉത്തരവാദിത്തവുമായി കാണുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തോട് സിമ്രാന്‍ ബാല പ്രതികരിച്ചു. സിആർപിഎഫ് സംഘത്തെ നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഒരു മാസം മുമ്പാണ് തയ്യാറെടുപ്പുകൾ ആരംഭിച്ചത്. കർശനമായ ഡ്രിൽ പരിശീലനങ്ങൾ തങ്ങള്‍ നടത്തിയെന്നും അവര്‍ വ്യക്തമാക്കി.
റിപ്പബ്ലിക് ദിന പരേഡില്‍ സാധാരണ ഇത്തരം പരേഡുകള്‍ പുരുഷന്മാരാണ് നയിച്ചിരുന്നത്. സ്ത്രീകൾ മാത്രമുള്ളതോ മിക്സഡ് കമാൻഡന്റുകൾ നയിക്കുന്നതോ ആയ സൈനിക വിഭാഗങ്ങളെ വനിതാ ഓഫീസര്‍മാര്‍ നയിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാര്‍ മാത്രം അണിനിരക്കുന്ന ഒരു സംഘത്തെ വനിത നയിക്കുന്നത് അപൂര്‍വമാണ്.
സിആർപിഎഫിൽ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (അസിസ്റ്റന്റ് കമാൻഡന്റ്‌സ്) പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചാണ് സിമ്രാന്‍ ബാല സിആര്‍പിഎഫിന്റെ ഭാഗമായത്. ഗുരുഗ്രാമിലെ സിആർപിഎഫ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. ആ ബാച്ചിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നു സിമ്രാന്‍ ബാല.
ഛത്തീസ്ഗഡിലെ ബസ്തരിയ ബറ്റാലിയനിലായിരുന്നു ആദ്യ ഓപ്പറേഷണൽ പോസ്റ്റിങ്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ സിആർപിഎഫ് എപ്പോഴും സിമ്രാന്‍ ബാല മുന്‍നിരയിലാണെന്ന് പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.