Namma Metro: ഹെബ്ബാല്‍-സര്‍ജാപൂര്‍ റൂട്ടിലും മെട്രോ; പദ്ധതിക്ക് തുടക്കം
Hebbal to Sarjapur Namma Metro Service: മെട്രോ ഫേസ് 3 എ പദ്ധതിയാണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത്. ഹെബ്ബാല്‍ മുതല്‍ സര്‍ജാപൂര്‍ വരെ റോഡ് വിപുലീകരിക്കാനും നീക്കമുണ്ട്. പുതിയ മെട്രോ പദ്ധതിക്കായി 28,405 കോടിയുടെ ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
ബെംഗളൂരു: ബെംഗളൂരുവിലെ സില്‍ക്കണ്‍ സിറ്റിയിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തീരുമാനിച്ച് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). അതിനായി ഹെബ്ബാല്‍ മുതല്‍ സര്‍ജാപുര്‍ വരെയുള്ള മെട്രോ സര്‍വീസ് ആരംഭിക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി.
മെട്രോ ഫേസ് 3 എ പദ്ധതിയാണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത്. ഹെബ്ബാല്‍ മുതല്‍ സര്‍ജാപൂര്‍ വരെ റോഡ് വിപുലീകരിക്കാനും നീക്കമുണ്ട്. പുതിയ മെട്രോ പദ്ധതിക്കായി 28,405 കോടിയുടെ ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പദ്ധതി ചെലവ് വര്‍ധിച്ചതോടെ ചെലവ് കുറയ്ക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം, 28,405 കോടിയില്‍ നിന്ന് 25,485 രൂപയിലേക്ക് ചെലവ് എത്തിച്ച് മറ്റൊരു ഡിപിആര്‍ സംസ്ഥാനം തയാറാക്കി.
ഒരു കിലോമീറ്റര്‍ പാത നിര്‍മാണത്തിന് 767 കോടി രൂപ ചെലവ് വരുമെന്നായിരുന്നു ആദ്യ ഡിപിആറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിലവിലെ ഡിപിആറില്‍ 688 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ ഡിപിആര്‍ ഉടന്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കും, ശേഷമായിരിക്കും കേന്ദ്രത്തിലേക്ക് എത്തുന്നത്.
ഹെബ്ബാല്‍ മുതല്‍ സര്‍ജാപൂര്‍ വരെയുള്ള 37 കിലോമീറ്റര്‍ പാതയില്‍ ആകെ 28 സ്റ്റേഷനുകളാണ് ഉണ്ടായിരിക്കുക. 22.14 കിലോമീറ്റര്‍ എലിവേറ്റഡ് മെട്രോ സ്‌റ്റേഷനുകളും 14.45 കിലോമീറ്റര്‍ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളുമായിരിക്കും. റെഡ് ലൈനായിരിക്കും ഈ പാത. ബ്ലൂ ലൈന്‍, പര്‍പ്പിള്‍ ലൈന്‍ എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കും. ഇതിന് പുറമെ പിങ്ക് ലൈനുമായി കണക്ഷന്‍ കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഹെബ്ബാല്‍, ഗംഗാനഗര്‍, വെറ്ററിനറി കോളേജ്, മേഖ്രി സര്‍ക്കിള്‍, ഗോള്‍ഫ് ക്ലബ്, പാലസ് ഗുട്ടഹള്ളി, ബസവേശ്വര സര്‍ക്കിള്‍, കെആര്‍ സര്‍ക്കിള്‍, ടൗണ്‍ ഹാള്‍, ശാന്തിനഗര്‍, നിംഹാന്‍സ്, ഡയറി സര്‍ക്കിള്‍, കോറമംഗല രണ്ടാം ബ്ലോക്ക്, കോറമംഗല മൂന്നാം ബ്ലോക്ക്, ജക്കസാന്ദ്ര, അഗര്‍, ഇബ്ബല്ലൂര്‍, ബെല്ലന്ദൂര്‍ ഗേറ്റ്, കൈകൊണ്ടൂര്‍, ദൊഡ്ഡകന്നള്ളി, കാര്‍മെലാരം, ദൊഡ്ഡകന്നള്ളി, അഗ്രഹാര റോഡ്, സര്‍ജാപൂര്‍ എന്നിങ്ങനെയായിരിക്കും സ്റ്റേഷനുകള്‍ എന്നാണ് വിവരം.