സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍, വിജയദശമിയോടനുബന്ധിച്ച് സംഘടിപ്പിച്ചത് 62,555 പരിപാടികള്‍
വിജയദശമിയോടനുബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ചത് നിരവധി പരിപാടികള്‍. ആർഎസ്‌എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്കിന്റെ സമാപന ദിവസം സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെയാണ് ഇതുസംബന്ധിച്ച് വിശദീകരിച്ചത്
ജബൽപൂർ: സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമിയോടനുബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ചത് നിരവധി പരിപാടികള്‍. ആർഎസ്‌എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്കിന്റെ സമാപന ദിവസം സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെയാണ് ഇതുസംബന്ധിച്ച് വിശദീകരിച്ചത്. വിജയദശമി ദിനത്തിൽ രാജ്യത്തുടനീളം സംഘടിപ്പിച്ച വിവിധ പരിപാടികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മതം, സാഹിത്യം, കല, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടികള്‍ക്ക് ആശംസ നേര്‍ന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘത്തിന്റെ യാത്രയെ പിന്തുണച്ച ലക്ഷക്കണക്കിന് സ്വയംസേവകർക്കും വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾക്കും ഹൊസബലെ നന്ദി പറഞ്ഞു. വിജയദശമിയില്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ 59,343 മണ്ഡലങ്ങളിൽ 37,250 മണ്ഡലങ്ങളിലും പരിപാടികള്‍ നടന്നു.
നഗരപ്രദേശങ്ങളിലെ 44,686 ബസ്തികളിൽ 40,220 ബസ്തികളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. 6,700 സ്വതന്ത്ര വിജയദശമി പരിപാടികളും നടത്തി. രാജ്യത്തുടനീളം 62,555 വിജയദശമി പരിപാടികളാണ് ആര്‍എസ്എസ് സംഘടിപ്പിച്ചത്. വിജയദശമി ദിനത്തിലാണ് ഇതില്‍ 80 ശതമാനം പരിപാടികളും നടന്നത്. പ്രാദേശിക സാഹചര്യങ്ങൾ മൂലമാണ് മറ്റ് പരിപാടികള്‍ വിജയദശമിക്ക് മുമ്പോ ശേഷമോ നടത്തേണ്ടി വന്നത്.
വിവിധ പരിപാടികളിലായി 32,45,141 സ്വയംസേവകർ ഗണവേഷത്തില്‍ പങ്കെടുത്തു. 25,000 സ്ഥലങ്ങളിൽ പഥ് സഞ്ചലനുകൾ സംഘടിപ്പിച്ചു. ഇതില്‍ ഗണവേഷത്തില്‍ 25,45,800 സ്വയംസേവകർ പങ്കെടുത്തു. ആൻഡമാൻ ദ്വീപുകൾ മുതൽ ലഡാക്ക്, അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ നടന്നു. വിജയദശമി പരിപാടികളിൽ വിവിധ കമ്മ്യൂണിറ്റികളിലുള്ളവര്‍ ഭാഗമായി. നാഗ്പുരില്‍ നടന്ന പരിപാടിയില്‍ വിദേശീയര്‍ വരെ പങ്കെടുത്തു.
പ്രവര്‍ത്തനം പുതിയ സ്ഥലങ്ങളിലും
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന യോഗത്തിന് ശേഷം പതിനായിരം പുതിയ സ്ഥലങ്ങളിലാണ് സംഘം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിലവിൽ, 55,052 സ്ഥലങ്ങളിലായി 87,398 ദൈനംദിന ശാഖകൾ നടക്കുന്നുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 15,000 കൂടുതലാണ്. ഗോത്ര മേഖലകളിലേക്കും തൊഴിലാളികൾ, കർഷകർ, വിദ്യാർത്ഥികൾ, സംരംഭകർ, പ്രൊഫഷണലുകൾ എന്നിവരിലേക്കും സംഘ പ്രവർത്തനം വ്യാപിച്ചിട്ടുണ്ട്.
അതേസമയം, വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സംഘത്തിന്റെ പ്രവർത്തനം രാഷ്ട്രത്തിന്റെ പ്രവർത്തനമാണെന്ന് സർകാര്യവാഹ് പറഞ്ഞു. വരും മാസങ്ങളിൽ ബസ്തി, മണ്ഡല്‍ തലങ്ങളിൽ ഹിന്ദു സമ്മേളനങ്ങൾ സംഘടിപ്പിക്കും. സന്യാസിമാർ, പണ്ഡിതന്മാർ, സാമൂഹിക നേതാക്കൾ തുടങ്ങിയവര്‍ പങ്കെടുക്കും.
45,000 ഗ്രാമപ്രദേശങ്ങളിലും 35,000 നഗരപ്രദേശങ്ങളിലും 45,000 ഹിന്ദു സമ്മേളനങ്ങൾ നടക്കുമെന്നാണ് കണക്കാക്കുന്നത്. പരസ്പര വിശ്വാസവും സാമൂഹിക ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി അക്ഷീണം പ്രവർത്തിച്ചുവരുന്ന സംഘ പ്രവർത്തകരെ ദത്താത്രേയ ഹൊസബാലെ അഭിനന്ദിച്ചു.