Karnataka: പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപികയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു, പ്രതി അറസ്റ്റിൽ
Karnataka School teacher assaulted: അധ്യാപിക യുവാവിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചിരുന്നു. യുവാവ് ഫോണിൽ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
കർണാടക: പ്രണയാഭ്യർത്ഥ നിരസിച്ച അധ്യാപികയെ വിവസ്ത്രയാക്കി മർദ്ദിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബാലൂർ ഗ്രാമവാസിയായ ഭവിത് (24) എന്ന യുവാവിനെയാണ് ജയാപുര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ യുവതി ശിവമൊഗ്ഗയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒക്ടോബർ 28 ന് കർണാടകയിലെ ജയപുര പൊലീസ് പരിധിയിലാണ് സംഭവം. ശാന്തിഗ്രാമയിലെ കൊഗ്രെയിലെ സർക്കാർ സ്കൂളിലെ അധ്യാപിക വൈകുന്നേരം 5 മണിയോടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ വസ്ത്രം വലിച്ചുകീറിയ പ്രതി വായിൽ മണ്ണ് തിരുകി ക്രൂരമായാണ് മർദിച്ചത്.
യുവതിയുടെ നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരിന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ഭവിത് യുവതിയുടെ ബന്ധുവാണെന്നും വിവരമുണ്ട്.
ഭവിത് അധ്യാപികയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ അവൾ അത് നിരസിച്ചു. ഭവിത് ഫോണിൽ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് സ്കൂൾ വിട്ട് അധ്യാപിക വരുന്ന വഴിയിൽ ഒളിച്ചിരിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തത് എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.