Skeleton Found in West Bengal: അടച്ചിട്ട വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി; ഏഴ് മാസം മുമ്പ് കാണാതായ അധ്യാപികയുടേതെന്ന് സംശയം
Missing Teacher Skeleton Found in West Bengal: ഈ വർഷത്തിന്റെ തുടക്കത്തിൽ, പസാങ് ഡോമ ഷെർപ്പയെ കാണാതായതായി പോലീസിന് പരാതി ലഭിച്ചിരുന്നു. സിക്കിം ബഞ്ചിയിലെ ഒരു സ്കൂളിലെ അധ്യാപികയായിരുന്നു ഇവർ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സിലിഗുരി: പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ അടച്ചിട്ട വീടിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഏഴ് മാസം മുമ്പ് കാണാതായ പസാങ് ഡോമ ഷെർപ്പ എന്ന സിക്കിം അധ്യാപികയുടേതെന്ന് സംശയം. അടച്ചിട്ട വീടിനുള്ളിൽ നിന്നും വെള്ളിയാഴ്ച സിക്കിം പോലീസാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഈ വർഷത്തിന്റെ തുടക്കത്തിൽ, പസാങ് ഡോമ ഷെർപ്പയെ കാണാതായതായി പോലീസിന് പരാതി ലഭിച്ചിരുന്നു. സിക്കിം ബഞ്ചിയിലെ ഒരു സ്കൂളിലെ അധ്യാപികയായിരുന്നു ഇവർ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ്, കഴിഞ്ഞ ദിവസം സിലിഗുരിയിലെ ഒരു വീട്ടിൽ അവർ താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിലിഗുരിയിലെ വീട്ടിൽ എത്തിയപ്പോൾ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
ALSO READ: കൊൽക്കത്ത ലോ കോളേജ് ബലാത്സംഗ കേസ്; പെൺകുട്ടിയുടെ വാദങ്ങൾ തെളിയിച്ച് സിസിടിവി
കണ്ടെടുത്ത അസ്ഥികൂടം കാണാതായ അധ്യാപികയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. മരണ കാരണം ഇനിയും വ്യക്തമല്ല. സിലിഗുരിയിലെ ആ വീട്ടിൽ അവരോടൊപ്പം ഒരു പുരുഷനും താമസിച്ചിരുന്നതായാണ് വിവരം. കേസിൽ അയാളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ് പോലീസ്.