Chhattisgarh Mid-Day Meal: കുട്ടികൾക്ക് നൽകിയത് തെരുവുനായ നക്കിയ ഭക്ഷണം; ഛത്തീസ്ഗഡിൽ 78 വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി
Chhattisgarh School Mid-Day Meal Issue: ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയിൽ നായ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ ഇക്കാര്യം അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് പാചക തൊഴിലാളികൾ നായ നക്കിയ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ തെരുവുനായ നക്കിയ ഭക്ഷണം കുട്ടികൾക്ക് നൽകിയതായി പരാതി. ഇതേതുടർന്ന് 78 വിദ്യാർത്ഥികൾക്ക് ആന്റി റാബീസ് വാക്സിൻ നൽകി. ബലോദബസാർ ജില്ലയിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് വാക്സിൻ നൽകിയത്. കഴിഞ്ഞ ജൂലൈ 29 നാണ് സംഭവമുണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അധികൃതർ അറിയിച്ചു.
ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയിൽ നായ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ ഇക്കാര്യം അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് പാചക തൊഴിലാളികൾ നായ നക്കിയ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പിന്നാലെ വിവരമറിഞ്ഞ രക്ഷിതാക്കളും പ്രദേശവാസികളും സ്കൂളിലെത്തി പ്രതിഷേധിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടികളെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് മുൻകരുതലെന്ന നിലയിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറഞ്ഞത് 84 വിദ്യാർത്ഥികൾക്കെങ്കിലും അന്ന് നൽകിയ ഉച്ച ഭക്ഷണം കഴിച്ചതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. മലിനമായ ഭക്ഷണം കുട്ടികൾക്ക് വിളമ്പരുതെന്ന് നിർദ്ദേശങ്ങൾ അവഗണിച്ച പാചക തൊഴിലാളികളെ പുറത്താക്കണമെന്നാണ് ഗ്രാമവാസികൾ ആവശ്യപ്പെടുന്നത്. ശനിയാഴ്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദീപക് നികുഞ്ജ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നരേഷ് വർമ്മ എന്നിവർ സ്കൂൾ സന്ദർശിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി.