Supreme Court: ‘രാജ്യത്തെ മുഴുവൻ ഡിജിറ്റൽ അറസ്റ്റ് കേസുകളിലും സിബിഐ അന്വേഷണം’; സുപ്രീം കോടതി
Digital Arrest Cases in India: വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളിലെ വിവരങ്ങൾ സുപ്രീംകോടതി ചോദിച്ചു. കേസുകൾ അന്വേഷിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ കോടതി സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.

Supreme Court Of India
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ഡിജിറ്റൽ അറസ്റ്റ് കേസുകളും സിബിഐക്ക് വിടുമെന്ന സൂചന നൽകി ഹൈക്കോടതി. സിബിഐ അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കുമെന്നും സൈബർ തട്ടിപ്പ് അന്വേഷിക്കുന്നതിന് വിദഗ്ധസഹായം വേണമെങ്കിൽ ലഭ്യമാക്കുമെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഡിജിറ്റൽ തട്ടിപ്പുസംഭവങ്ങളുടെ വ്യാപ്തി ബോധ്യപ്പെട്ട കോടതി, കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസിയായ സിബിഐക്ക് കൈമാറാൻ ആലോചിക്കുന്നതായി വാക്കാൽ സൂചന നൽകി. ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങളിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളിലെ വിവരങ്ങൾ സുപ്രീംകോടതി ചോദിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസയച്ചു. കേസ് നവംബർ മൂന്നിന് പരിഗണിക്കാനായി മാറ്റി. കൂടാതെ, കേസുകൾ അന്വേഷിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ കോടതി സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.
മ്യാൻമാർ, തായ്‌ലാൻഡ് പോലുള്ള വിദേശരാജ്യങ്ങളിലിരുന്നാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്ന് സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അന്താരാഷ്ട്രപരമായ വെല്ലുവിളി കണക്കിലെടുത്ത്, ഈ സാഹചര്യത്തിൽ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ കൺവെൻഷൻ പ്രയോജനപ്പെടുത്താമോ എന്ന് പരിശോധിക്കാൻ ജസ്റ്റിസ് ബാഗ്ചി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.