MK Stalin: പ്രഭാത സവാരിക്കിടെ ചെറിയ തലകറക്കം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ
Tamil Nadu CM MK Stalin Hospitalised : മുഖ്യമന്ത്രി നിലവിൽ നിരീക്ഷണത്തിൽ ആണെന്നും ആവശ്യമായ എല്ലാ രോഗനിർണയ പരിശോധനകളും നടത്തിവരികയാണെന്നും വ്യക്തമാക്കി.

Mk Stalin
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പ്രഭാത സവാരിക്കിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. അപ്പോളോ ഹോസ്പിറ്റൽസ് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. അനിൽ ബി ജി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരമാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തെത്തിയത്.
അതനുസരിച്ച് മുഖ്യമന്ത്രി നിലവിൽ നിരീക്ഷണത്തിൽ ആണെന്നും ആവശ്യമായ എല്ലാ രോഗനിർണയ പരിശോധനകളും നടത്തിവരികയാണെന്നും വ്യക്തമാക്കി. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ്സ് വകുപ്പ് സംഘടിപ്പിച്ച ഒരു കോളേജിൽ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന സ്റ്റാലിൻ മോശം ആരോഗ്യത്തെ തുടർന്ന് ആ പരിപാടി റദ്ദാക്കി.
അദ്ദേഹത്തിന് പകരമായി മന്ത്രിസഭയിലെ ഏതാനും മുതിർന്ന മന്ത്രിമാർ പരിപാടിയിൽ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം ഭാര്യ ദുർഗ സ്റ്റാലിന്റെ ഒരു പുതിയ പുസ്തക പ്രകാശന ചടങ്ങിലും അദ്ദേഹം പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ നിലവിലെ ആരോഗ്യസ്ഥിതി കാരണം ഈ പരിപാടിയിലും പങ്കെടുക്കാൻ കഴിയുമോ എന്നത് അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അപ്പോളോ ആശുപത്രിയിൽ നിന്നും തമിഴ്നാട് സർക്കാരിൽ നിന്നും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.