Train Ticket Rules: ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാലോ? കീറിയാലോ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് എങ്ങനെ ലഭിക്കും
Duplicate Train Ticket: ഇപ്പോഴും ഫിസിക്കൽ ടിക്കറ്റ് ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം ടിക്കറ്റുകൾ പലപ്പോഴും നഷ്ടപ്പെടുകയോ കീറുകയോ ചെയ്യാറുണ്ട്. യാത്രക്കാർക്ക് ടെൻഷനാകാൻ പിന്നെ മറ്റൊന്നും വേണ്ട.
ട്രെയിൻ യാത്രക്കാരുടെ കയ്യിൽ ഉണ്ടാവേണ്ട പ്രധാനപ്പെട്ട സാധനം ടിക്കറ്റാണ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിൽക്കാൻ പോലും ടിക്കറ്റില്ലാതെ പറ്റില്ല. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുമ്പോൾ പിടിക്കപ്പെട്ടാൽ, റെയിൽവേ ഈടാക്കുന്ന പിഴ ടിക്കറ്റ് നിരക്കിനേക്കാൾ വലുതായിരിക്കും. പേപ്പറിൽ അച്ചടിച്ചെത്തുന്ന ടിക്കറ്റിന് പകരം ഓണ്‍ലൈനിൽ ടിക്കറ്റ് ലഭ്യമാണെങ്കിലും ഇപ്പോഴും ഫിസിക്കൽ ടിക്കറ്റ് ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം ടിക്കറ്റുകൾ പലപ്പോഴും നഷ്ടപ്പെടുകയോ കീറുകയോ ചെയ്യാറുണ്ട്. യാത്രക്കാർക്ക് ടെൻഷനാകാൻ പിന്നെ മറ്റൊന്നും വേണ്ട. നിങ്ങൾക്കും ഇത്തരത്തിലൊരു പ്രതസന്ധി ഘട്ടം വന്നാൽ എന്ത് ചെയ്യും. ഇതിന് ചില വഴികളുണ്ട്.
ടിക്കറ്റ് നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങൾ റിസർവേഷൻ നടത്തിയിട്ടുണ്ടെങ്കിൽ, ടിക്കറ്റ് നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് എളുപ്പത്തിൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും. ട്രെയിനിൽ വെച്ചാണ് ഇത് സംഭവിക്കുന്നതെങ്കിൽ ടിടിഇയെ സമീപിച്ച് യാത്രക്കാരന് ഡ്യൂപ്ലിക്കേറ്റ് വാങ്ങാം. മറിച്ച് നിങ്ങൾ യാത്ര ആരംഭിച്ചിട്ടില്ലെങ്കിൽ, ടിക്കറ്റ് കൗണ്ടറിൽ പോയാലും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും.
ചാർജ് എത്ര ?
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് indianrail.gov.in പ്രകാരം, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കാൻ സെക്കൻഡ് ക്ലാസിനും സ്ലീപ്പർ ക്ലാസിനും 50 രൂപ നൽകണം. ഇതിനു മുകളിലുള്ള ക്ലാസിന് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കാൻ 100 രൂപയാണ് ഫീസ്.
സ്ഥിരീകരിച്ച ടിക്കറ്റ് നഷ്ടപ്പെട്ടാൽ
റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷം സ്ഥിരീകരിച്ച ടിക്കറ്റ് നഷ്ടപ്പെട്ടാൽ, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കുന്നതിന് നിങ്ങൾ നിരക്കിന്റെ 50 ശതമാനം നൽകേണ്ടിവരും. നിങ്ങളുടെ നഷ്ടപ്പെട്ട ഒറിജിനൽ ടിക്കറ്റ് കണ്ടെത്തിയാൽ, ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് റെയിൽവേ കൗണ്ടറിൽ രണ്ട് ടിക്കറ്റുകളും കാണിച്ച് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനായി അടച്ച തുക നിങ്ങൾക്ക് തിരികെ ലഭിക്കും. നഷ്ടപ്പെട്ട ടിക്കറ്റിന് നിങ്ങൾക്ക് റീഫണ്ട് ലഭിക്കില്ല.
ടിക്കറ്റ് കീറിയാൽ എന്ത് ചെയ്യണം?
ഒരു യാത്രക്കാരൻ്റെ ടിക്കറ്റ് കൺഫോം ആയ ശേഷം കീറിയാൽ, ടിക്കറ്റ് നിരക്കിന്റെ 25% നൽകിയാൽ മാത്രമേ അയാൾക്ക് ഡ്യൂപ്ലിക്കേറ്റ് ലഭിക്കൂ. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, കീറിയ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കില്ല.