Journalists Arrested In Telangana: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ച് വീഡിയോ; രണ്ട് വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിൽ
Journalists Arrested In Telangana: മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ച രണ്ട് വനിതാ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി. അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ച് കൊണ്ടുള്ള വിഡിയോ പ്രചരിപ്പിച്ച രണ്ട് വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രേവതി പൊഗഡാഡന്ദ, സഹപ്രവർത്തക തൻവി യാദവ് എന്നിവരെയാണ് തെലങ്കാന പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഇരുവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി.
തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ കർഷകർക്ക് ഒരു ക്ഷേമവുമില്ലെന്ന് പറയുന്ന കർഷകന്റെ വിഡിയോ പൾസ് ന്യൂസ് എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ പങ്ക് വെച്ചിരുന്നു. ഇതാണ് വിവാദമായത്. വിഡിയോയിൽ കർഷകൻ രേവന്ത് റെഡ്ഡിയേയും സർക്കാരിനെയും വിമർശിക്കുന്നുണ്ട്. പിന്നാലെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകുകയായിരുന്നു. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് രേവതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് എന്റെ വാതിലിനരികെ എന്ന അടികുറിപ്പോടെ അറസ്റ്റിന്റെ വിഡിയോ രേവതി പങ്കുവെച്ചു. മധാപൂരിലെ പൾസ് ന്യൂസ് യൂട്യൂബ് ചാനലിന്റെ ഓഫീസ് സീൽ ചെയ്തു. ഓഫീസിൽ നിന്ന് രണ്ട് ലാപ്‌ടോപ്പുകൾ, രണ്ട് ഹാർഡ് ഡിസ്കുകൾ, ഏഴ് സിപിയുകൾ, മറ്റ് വസ്തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിനെതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധമാണുയരുന്നത്. സർക്കാരിന്റെ സ്വേച്ഛാധിപത്യമാണെന്ന് വിമർശിച്ച് ബി.ആർ.എസ് നേതാക്കൾ രംഗത്തെത്തി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് തെലങ്കാന കോൺഗ്രസിന്റെ സോഷ്യൽ മിഡിയ സെൽ സെക്രട്ടറി പറഞ്ഞു. ഇത്തരം പോസ്റ്റുകൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ ബഞ്ചാര ഹിൽസിലെ ബിആർഎസ് ആസ്ഥാനത്ത് വെച്ചാണ് വിവാദ വിഡിയോ ചിത്രീകരിച്ചതെന്ന് അഡീഷണൽ കമ്മീഷണർ വിശ്വപ്രസാദ് പറഞ്ഞു. ”മാർച്ച് 10 ന്ബജറ്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് പുറത്തിറക്കിയ വിഡിയോ മുഖ്യമന്ത്രിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമമാണ്. വീഡിയോയുടെ ഉള്ളടക്കം അസഭ്യവും, അധിക്ഷേപകരവും, മാന്യതയുടെ എല്ലാ തലങ്ങളെയും മറികടക്കുന്നതാണ്. പ്രതികൾ ഇത് ആവർത്തിച്ച് ചെയ്യുകയും പ്രശസ്തിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ബിആർഎസ് പാർട്ടിയിൽ നിന്ന് അവർക്ക് സാമ്പത്തിക സഹായങ്ങൾ ലഭിച്ചതിന് തെളിവുണ്ട്. എല്ലാ വശങ്ങളും ഞങ്ങൾ അന്വേഷിക്കും.മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞയാളെ തിരിച്ചറിഞ്ഞ് കേസെടുക്കുമെന്നും” കമ്മീഷണർ പറഞ്ഞു.
“രണ്ട് സ്ത്രീകളെയും അവരുടെ ജോലി ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. സർക്കാരിനെ വിമർശിച്ച ഒരു സാധാരണക്കാരനെ അവർ അഭിമുഖം നടത്തുകയും അത് അവരുടെ ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന് അവർക്ക് അവകാശമുണ്ടെന്ന്” മാധ്യമപ്രവർത്തകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. പൊലീസ് രണ്ട് സ്ത്രീകളോടും മോശമായി പെരുമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.