Arattai App: മൂന്നര ലക്ഷത്തിലധികം ഡൗൺലോഡുകളുമായി അരട്ടൈയുടെ കുതിപ്പ്; വരുന്ന അപ്ഡേറ്റുകളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ശ്രീധർ വെമ്പു
Arattai App And Security: അരട്ടൈ ആപ്പിൽ ഉടൻ സുരക്ഷ വർധിപ്പിക്കുമെന്ന് ശ്രീധർ വെമ്പു. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പരീക്ഷണാടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നര ലക്ഷത്തിലധികം ഡൗൺലോഡുകളുമായി ഇന്ത്യൻ നിർമ്മിത മെസഞ്ചർ ആപ്പായ അരട്ടൈ കുതിയ്ക്കുന്നു. തമിഴ്നാട് ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷനാണ് അരട്ടൈ വികസിപ്പിച്ചത്. ടെക്സ്റ്റ് മെസേജുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷയില്ലെന്ന വിമർശനങ്ങളാണ് അരട്ടൈക്കെതിരെ പ്രധാനമായി ഉയർന്നിരുന്നത്. എന്നാൽ, ഉടൻ ഇത് നടപ്പിലാക്കുമെന്ന് സോഹോ കമ്പനി സ്ഥാപകൻ ശ്രീധർ വെമ്പു പറയുന്നു.
ആപ്പിൻ്റെ ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ശ്രീധർ വെമ്പു പറഞ്ഞു. സോഹോ ക്ലിക്കിൽ നിന്നാണ് അരട്ടൈ തുടങ്ങിയത് എന്ന് അദ്ദേഹം തൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സോഹോ ക്ലിക്കിൽ വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. കാരണം കമ്പനികൾക്കും അഡ്മിന്മാർക്കും ആ വിവരങ്ങൾ പിന്നീട് ആവശ്യം വരും. എന്നാൽ, അറട്ടൈയിൽ ഈ ക്ലൗഡ് സ്റ്റോറേജ് ഒഴിവാക്കി എൻഡ് ടു എൻഡ് ചാറ്റ് സൗകര്യമൊരുക്കാനാണ് ശ്രമം. ഇത് പരീക്ഷണഘട്ടത്തിലാണെന്നും അദ്ദേഹം കുറിച്ചു.
Also Read: Arattai encrypted chats: അരട്ടെയിൽ നിങ്ങളുടെ മെസ്സേജ് ഇനി ആരും വായിക്കില്ല; പുതിയ അപ്ഡേറ്റ് എത്തി
പ്രധാന എതിരാളികളെന്ന് കരുതപ്പെടുന്ന വാട്സപ്പിനോട് സമാനമായ ഫീച്ചറുകൾ അരട്ടൈയിലുമുണ്ട്. വാട്സപ്പിൻ്റെ ചാറ്റ് വിത്ത് യുവർസെൽഫ് അഥവാ സ്വന്തം നമ്പറിലേക്ക് ചാറ്റ് ചെയ്യുക എന്ന ഫീച്ചർ അരട്ടൈ അപ്ഗ്രേഡ് ചെയ്തു. പോക്കറ്റ് എന്ന പേരിൽ ഇമേജുകളും ആവശ്യമുള്ള മറ്റ് വിവരങ്ങളും ഷെയർ ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യം അരട്ടൈയിലുണ്ട്. വാട്സപ്പിൽ ഇല്ലാത്ത മീറ്റിങ് ഫീച്ചറും അരട്ടൈയിലുണ്ട്. സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകൾ നൽകുന്ന ഫീച്ചറാണ് ഇത്.
വാട്സപ്പിൽ മെറ്റ എഐയോട് ചാറ്റ് ചെയ്യാനുള്ള ഫീച്ചറുണ്ട്. സോഹോയ്ക്ക് സിയ എന്ന പേരിൽ എഐ മോഡലുണ്ടെങ്കിലും നിലവിൽ അരട്ടൈയുമായി ഇത് ഇൻ്റഗ്രേറ്റ് ചെയ്തിട്ടില്ല. എന്നാൽ, സമീപഭാവിയിൽ അരട്ടൈ ഉപഭോക്താക്കൾക്ക് പ്രയോജനകരമാവുന്ന തരത്തിൽ സിയ ഉപയോഗിക്കുമെന്ന് ശ്രീധർ വെമ്പു പറഞ്ഞിരുന്നു.