Vande Bharat Express: വന്ദേഭാരതിൽ നാല് അധിക കോച്ചുകൾ; 278 പേർക്ക് കൂടി യാത്ര ചെയ്യാനാവുമെന്ന് അധികൃതർ
Vande Bharat Express Extra Coaches: വന്ദേഭാരത് എക്സ്പ്രസിൽ നാല് അധിക കോച്ചുകൾ കൂടി. 278 പേർക്ക് കൂടിയാണ് ഇതിൽ യാത്ര ചെയ്യാനാവുക.
വന്ദേ ഭാരത് എക്സ്പ്രസിൽ നാല് അധിക കോച്ചുകൾ കൂടി ഏർപ്പെടുത്തി. നാല് അധിക കോച്ചുകളിലായി 278 പേർക്ക് കൂടി യാത്ര ചെയ്യാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ജനുവരി 26 മുതൽ ഈ മാറ്റം നിലവിൽ വരും.
അഹ്മദാബാദിനും മുംബൈയ്ക്കുമിടയിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 22961/22962 ട്രെയിനുകളിലാണ് നാല് അധിക കോച്ചുകൾ ഏർപ്പെടുത്തുക. ഇക്കാര്യം വെസ്റ്റേൺ റെയിൽവേ തന്നെ അറിയിച്ചു. ജനുവരി 26 മുതൽ മാർച്ച് ഏഴ് വരെയാവും അധിക കോച്ചുകളുമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുക.
നിലവിൽ 16 കോച്ചുകളാണ് വന്ദേഭാരത് എക്സ്പ്രസിലുള്ളത്. പുതിയ നാല് കോച്ചുകൾ കൂടി വരുന്നതോടെ ആകെ കോച്ചുകളുടെ എണ്ണം 20 ആകും. 40 ദിവസത്തിലധികം, മാർച്ച് ഏഴ് വരെ ഇത് നീളും. ഇതോടെ ഓരോ ദിവസവും 278 അധിക യാത്രക്കാർ വന്ദേഭാരതിൽ സഞ്ചരിക്കും. പ്രധാന പാതകളിലെ തിരക്ക് പരിഗണിച്ചാണ് പുതിയ തീരുമാനം.
ഓഖയ്ക്കും ബാന്ദ്ര ടെർമിനസിനും ഇടയിൽ സർവീസ് ഒരു പ്രത്യേക വാരാന്ത്യ ട്രെയിൻ കൂടി വെസ്റ്റേൺ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 27 മുതൽ ഫെബ്രുവരി 25 വരെ 10 ട്രിപ്പുകളാവും ഈ പ്രത്യേക ട്രെയിൻ നടത്തുക. എല്ലാ ദിവസവവും രാവിലെ 10.20ന് ഓഖയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ബാന്ദ്ര ടെർമിനസിൽ എത്തും. ദ്വാരക, ഖംഭാലിയ, ജാംനഗർ, ഹാപ, രാജ്കോട്ട്, സുരേന്ദ്രനഗർ, വിരംഗം, അഹ്മദാബാദ്, വഡോദര, ഭറൂച്ച്, സൂറത്ത്, ബോറിവല്ലി എന്നിവിടങ്ങളിലാവും സ്റ്റോപ്പുകൾ.