Republic Day 2026 Security : കുറ്റവാളികളെ കണ്ടെത്താൻ എഐ ഗ്ലാസുകൾ, റിപ്പബ്ലിക് ദിന സുരക്ഷ ലക്ഷ്യം
AI smart glasses for Republic Day 2026 security: കുറ്റവാളികളുടെ വലിയൊരു ഡാറ്റാബേസ് ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സംശയിക്കുന്ന ഒരാളെ ഗ്ലാസിലൂടെ കാണുമ്പോൾ തന്നെ അയാളുടെ മുൻകാല ചരിത്രം ഉദ്യോഗസ്ഥർക്ക് മുന്നിലെത്തും.
ന്യൂഡൽഹി: 2026-ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ഡൽഹി പോലീസ്. ഇത്തവണത്തെ പ്രധാന ആകർഷണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ഗ്ലാസുകളും അത്യാധുനിക മുഖം തിരിച്ചറിയൽ സംവിധാനങ്ങളുമാണ്. രാജ്യതലസ്ഥാനത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതെന്ന് ന്യൂഡൽഹി ഡിസിപി ദേവേഷ് മഹ്‌ല അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥർ ധരിക്കുന്ന ഈ പ്രത്യേക കണ്ണടകൾക്ക് ജനക്കൂട്ടത്തിനിടയിൽ നിന്ന് കുറ്റവാളികളെയും സംശയാസ്പദമായ വ്യക്തികളെയും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ സാധിക്കും. താടി വളർത്തിയോ, ഹെയർസ്റ്റൈൽ മാറ്റിയോ, മാസ്ക്, തൊപ്പി, മേക്കപ്പ് എന്നിവ ഉപയോഗിച്ചോ ഒളിവിൽ കഴിയുന്ന കുറ്റവാളികളെപ്പോലും തിരിച്ചറിയാൻ ഈ ഗ്ലാസുകളിലെ അഡ്വാൻസ്ഡ് അൽഗോരിതങ്ങൾക്ക് സാധിക്കും.
കുറ്റവാളികളുടെ വലിയൊരു ഡാറ്റാബേസ് ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സംശയിക്കുന്ന ഒരാളെ ഗ്ലാസിലൂടെ കാണുമ്പോൾ തന്നെ അയാളുടെ മുൻകാല ചരിത്രം ഉദ്യോഗസ്ഥർക്ക് മുന്നിലെത്തും. ഇന്റർനെറ്റ് ഇല്ലാതെ തന്നെ പ്രവർത്തിക്കുന്ന ഈ സംവിധാനം അതീവ രഹസ്യസ്വഭാവം പുലർത്തുന്നതാണ്.
റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന കർത്തവ്യ പഥിലും പരിസരത്തും കർശനമായ സുരക്ഷാ പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് തലങ്ങളിലായുള്ള ശാരീരിക പരിശോധനകൾക്ക് ശേഷമേ പ്രവേശനം അനുവദിക്കൂ. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വാഹനങ്ങളും കർശനമായി പരിശോധിക്കും. നഗരത്തിലുടനീളം ആയിരക്കണക്കിന് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം തത്സമയ മുഖം തിരിച്ചറിയൽ സംവിധാനവുമായി (FRS) ബന്ധിപ്പിച്ചിരിക്കുന്നു.