CP Radhakrishnan: ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ; സത്യപ്രതിജ്ഞ ഇന്ന്
Vice President CP Radhakrishnan: ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Cp Radhakrishnan
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണർ പദവി ഒഴിഞ്ഞതായി രാഷ്ട്രപതിഭവൻ അറിയിച്ചു. മഹാരാഷ്ട്ര ഗവർണറായുള്ള കാലം പൊതുജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലമായിരുന്നുവെന്നും വിട്ടുവീഴ്ചയില്ലാത്ത ദേശീയവാദിയാണ് താനെന്നും മഹാരാഷ്ട്ര രാജ്ഭവനിൽ നടന്ന അനൗദ്യോഗിക അനുമോദനയോഗത്തിൽ രാധാകൃഷ്ണൻ പറഞ്ഞു.
സി പി രാധാകൃഷ്ണൻ
ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണൻ എന്ന സിപി രാധാകൃഷ്ണൻ 1957 ഒക്ടോബർ 20ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. ആര്‍എസ്എസ് അംഗമായി തന്‍റെ പൊതുജീവിതം ആരംഭിച്ചു. തമിഴ്നാട് തൂത്തുക്കുടിയിലുള്ള വി ഒ ചിദംബരം കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (BBA) ബിരുദം നേടി. 1998-ലും 1999-ലും കോയമ്പത്തൂർ ലോക്സഭാ സീറ്റിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.