BJP Minister Vijay Shah: സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വിജയ് ഷായുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
Vijay Shah's controversial remark against Sophia Qureshi: നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ടു തന്നെ മോദിജി പാഠം പഠിപ്പിച്ചു എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ഇൻഡോറിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിജയ് ഷായുടെ വിവാദ പരാമർശം.
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കന്‍വര്‍ വിജയ്ഷായുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് മന്ത്രിയുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി മന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗാവായി പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ടു തന്നെ മോദിജി പാഠം പഠിപ്പിച്ചു എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ഇൻഡോറിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിജയ് ഷായുടെ വിവാദ പരാമർശം.
വിജയ് ഷായെ സംരക്ഷിച്ച് കൊണ്ടുള്ള നിലപാടാണ് ബിജെപി എടുത്തിരിക്കുന്നത്. വിജയ് ഷാ രാജി വെയ്ക്കേണ്ട ആവശ്യമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. വിജയ് ഷാക്കെതിരെ നടപടി എടുക്കാൻ കേന്ദ്ര സർക്കാരും ഇതുവരെയും തയ്യാറായിട്ടില്ല.
അതേസമയം വിജയ് ഷായ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ദുര്‍ബലമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. എഫ്‌ഐആറില്‍ പോരായ്മകള്‍ ഉണ്ട്. റദ്ദാക്കാന്‍ കഴിയുന്ന തരത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. മന്ത്രി നടത്തിയ കുറ്റകൃത്യം എന്താണെന്നത് എഫ്‌ഐആറില്‍ പരാമർശിച്ചിട്ടില്ല.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത രീതി പരിശോധിക്കുമ്പോള്‍ പൊലീസ് നീതിപൂര്‍വ്വം അന്വേഷണം നടത്തുമെന്ന ആത്മവിശ്വാസം ഇല്ലെന്നും കോടതി സൂചിപ്പിച്ചു. മധ്യ പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ഇൻഡോർ പൊലീസ് മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.