Vikram Sarabhai : ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്, ചോദ്യങ്ങള്‍ ബാക്കിയാക്കിയ വേര്‍പാട് ! വിക്രം സാരാഭായിയുടെ ഓര്‍മകള്‍ക്ക് 53 വയസ്‌

53 years since Vikram Sarabhai passed away : വിദേശ രാജ്യങ്ങളെ വരെ അസൂയപ്പെടുത്തുന്ന, അമ്പരപ്പിക്കുന്ന മോഹപദ്ധതികളാണ് ഐഎസ്ആര്‍ഒ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് നടത്താനിരിക്കുന്ന സ്പാഡെക്‌സ് ദൗത്യം ഒരു ഉദാഹരണം മാത്രം. ഇന്ത്യയുടെ ബഹിരാകാശ മോഹങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്ന ഒരു മനുഷ്യനുണ്ട്. പേര് വിക്രം സാരാഭായി. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്. ചോദ്യങ്ങള്‍ ഏറെ അവശേഷിപ്പിച്ച് അപ്രതീക്ഷിതമായി സാരാഭായ് വിട പറഞ്ഞിട്ട് ഇന്ന് 53 വര്‍ഷം

Vikram Sarabhai : ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്, ചോദ്യങ്ങള്‍ ബാക്കിയാക്കിയ വേര്‍പാട് ! വിക്രം സാരാഭായിയുടെ ഓര്‍മകള്‍ക്ക് 53 വയസ്‌

വിക്രം സാരാഭായി

Published: 

30 Dec 2024 06:27 AM

ഹിരാകാശ ഗവേഷണരംഗത്ത് നേട്ടങ്ങളുടെ നെറുകയിലാണ് ഇന്ന് രാജ്യം. വിദേശ രാജ്യങ്ങളെ വരെ അസൂയപ്പെടുത്തുന്ന, അമ്പരപ്പിക്കുന്ന മോഹപദ്ധതികളാണ് ഐഎസ്ആര്‍ഒ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് നടത്താനിരിക്കുന്ന സ്പാഡെക്‌സ് ദൗത്യം ഒരു ഉദാഹരണം മാത്രം. ഇന്ത്യയുടെ ബഹിരാകാശ മോഹങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്ന ഒരു മനുഷ്യനുണ്ട്. പേര് വിക്രം സാരാഭായി. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്. ചോദ്യങ്ങള്‍ ഏറെ അവശേഷിപ്പിച്ച് അപ്രതീക്ഷിതമായി സാരാഭായ് വിട പറഞ്ഞിട്ട് ഇന്ന് 53 വര്‍ഷം. 1919 ഓഗസ്റ്റ് 12ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ വ്യവസായിയായ അംബാലാല്‍ സാരാഭായിയുടെയും സരളാദേവിയുടെയും മകനായി ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഗുജറാത്തിലെ ഇന്റര്‍മീഡിയേറ്റ് പരീക്ഷ പാസായി. 1940ല്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് പ്രകൃതി ശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി.

തുടര്‍ന്ന് സി.വി. രാമന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണം തുടങ്ങി. കോസ്മിക് രശ്മികളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഗവേഷണങ്ങള്‍. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യ റിസര്‍ച്ച് പേപ്പര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1945ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടി. 1947 നവംബര്‍ 11ന് അഹമ്മദാബാദില്‍ ഇദ്ദേഹം ഫിസിക്കല്‍ റിസര്‍ച്ച് ലാബ് ആരംഭിച്ചിരുന്നു. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്ന് വാങ്ങിയ പണം സ്വരൂപിച്ചാണ് ലാബ് സ്ഥാപിച്ചത്. പിന്നീട് ഇത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ കേന്ദ്രമായി മാറി.

1963 നവംബര്‍ 21 വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ തുമ്പയില്‍ നിന്ന് വിക്ഷേപിച്ച ചെറുറോക്കറ്റ് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി. വിക്രം സാരാഭായിയോടുള്ള ബഹുമാനാര്‍ത്ഥമാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ എന്ന പേര് നല്‍കിയത്. ഭൂമധ്യരേഖയോട് അടുത്ത് കിടക്കുന്ന സ്ഥലം എന്ന നിലയിലാണ് അന്ന് സാരാഭായിയും സംഘവും വിക്ഷേപണ കേന്ദ്രമായി തുമ്പ തിരഞ്ഞെടുത്തത്.

Read Also : സ്പാഡെക്‌സ് മിഷന്‍; പദ്ധതിക്ക് പിന്നില്‍ രാജ്യത്തിന്റെ സ്വപ്‌നലക്ഷ്യങ്ങള്‍; ദൗത്യം എങ്ങനെ ? ചീരയ്ക്കും പയറിനും ഇതില്‍ എന്ത് കാര്യം ?

1966ല്‍ നാസയുമായി സാരാഭായ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് 1975ല്‍ ഇന്ത്യയില്‍ ഉപഗ്രഹ സഹായത്തോടെ ടെലിവിഷന്‍ പ്രക്ഷേപണം വിജയകരമായി പരീക്ഷിച്ചത്. 1969 ഓഗസ്റ്റ് 15ന് ഐഎസ്ആര്‍ഒ സ്ഥാപിച്ചു. ഐഎസ്ആര്‍ഒയുടെ രൂപീകരണത്തില്‍ സാരാഭായി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ രൂപീകരിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് സെന്ററിന് കീഴിലായിരുന്നു ബഹിരാകാശ ഗവേഷണങ്ങള്‍ നടന്നിരുന്നത്. ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അന്നത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് സ്‌പേസ് റിസര്‍ച്ച് സെന്ററിനായി ആവശ്യപ്പെട്ടത് വിക്രം സാരാഭായ് ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ റിസര്‍ച്ച് സെന്ററാണ് പില്‍ക്കാലത്ത് ഐഎസ്ആര്‍ഒ ആയി മാറിയത്.

കല്‍പ്പാക്കത്തിലെ ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി സയന്‍സ് സെന്റര്‍, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി, ദര്‍പ്പണ്‍ അക്കാദമി ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സ്, വേരിയബിള്‍ എനര്‍ജി സൈക്ലോട്രോണ്‍ പ്രോജക്ട്, യുറേനിയം കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവയ്ക്ക് തുടക്കം കുറിച്ചതും ഇദ്ദേഹമാണ്.

1966ല്‍ അറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനായി. ഉപഗ്രഹ വിക്ഷേപണത്തില്‍ അദ്ദേഹത്തിന് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. ബഹിരാകാശ ഗവേഷണത്തെ കാലാവസ്ഥ നിരീക്ഷണത്തിന് അടക്കം പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ച് തുടങ്ങിയത് വിക്രം സാരാഭായിയുടെ ഇടപെടലിലൂടെയാണെന്ന് പറയുന്നു. രാജ്യത്തിന്റെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയ്ക്ക് വേണ്ടിയും ഇദ്ദേഹം മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണശേഷം 1975ലാണ് ആര്യഭട്ട വിക്ഷേപിച്ചത്. മലയാളിയും പ്രശസ്ത നര്‍ത്തകിയുമായ മൃണാളിനി സാരാഭായി ആണ് ഭാര്യ. പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് മകളാണ്. 1966ല്‍ പത്മഭൂഷണും, 1972ല്‍ മരണാന്തര ബഹുമതിയായി പത്മവിഭൂഷണും നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.

അപ്രതീക്ഷിത വിയോഗം

1971 ഡിസംബര്‍ 30ന് ആണ് അദ്ദേഹത്തെ കോവളത്തെ ഒരു ഹോട്ടലിലെ സ്യൂട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 52-ാം വയസിലായിരുന്നു അപ്രതീക്ഷിത വിയോഗം. പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് അദ്ദേഹത്തെ സംസ്‌കരിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിക്രം സാരാഭായിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ പലരും പിന്നീട് ദുരൂഹത സംശയിച്ചു. മരിക്കുന്നതിന്റെ തലേന്ന് ഒരു റഷ്യന്‍ റോക്കറ്റിന്റെ പരീക്ഷണത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചിരുന്നു. രാത്രിയില്‍ തുമ്പ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കടലില്‍ നീന്താന്‍ പോകാമെന്ന് ഹോട്ടലിലുണ്ടായിരുന്ന പ്രശസ്ത ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറിയയോട് അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീടാണ് ഹോട്ടലിലെ സ്യൂട്ടില്‍ മരിട്ടത്. മുന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി, ഹോമി ജെ ഭാഭ എന്നിവരുടെ മരണത്തിലെ ദുരൂഹതയോടൊപ്പമാണ് സാരാഭായിയുടെ മരണവും ചേര്‍ത്തുവായിച്ചത്. വിദേശ ഇടപെടലുകളാണ് സംശയിച്ചത്. അമേരിക്കയും റഷ്യയും തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് വിക്രം സാരാഭായ് പറഞ്ഞിരുന്നുവെന്ന് ഐഐഎം എയിലെ അദ്ദേഹത്തിന്റെ അസോസിയേറ്റായിരുന്ന കമല ചൗധരി വെളിപ്പെടുത്തിയിരുന്നു.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന