Viral news: ചെരിപ്പിനുള്ളിൽ പാമ്പ്: കടിയേറ്റ യുവാവിന് ദാരുണാന്ത്യം
Man Dies After Wearing Shoes With Hidden Snake: വീടിന് പുറത്ത് വെച്ചിരുന്ന ചെരിപ്പ് ധരിച്ചപ്പോൾ അതിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കടിക്കുകയായിരുന്നു.
ബെംഗളൂരു: ചെരിപ്പിനുള്ളിൽ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു. ബെംഗളൂരു രംഗനാഥ ലേ ഔട്ടിൽ താമസിക്കുന്ന മഞ്ജു പ്രകാശ് (41) ആണ് ദാരുണമായി മരിച്ചത്. ടി സി എസ് ജീവനക്കാരനാണ് ഇദ്ദേഹം.
വീടിന് പുറത്ത് വെച്ചിരുന്ന ചെരിപ്പ് ധരിച്ചപ്പോൾ അതിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കടിക്കുകയായിരുന്നു. നേരത്തെ ഒരു അപകടത്തിൽ കാലുകൾക്ക് സ്പർശന ശേഷി നഷ്ടപ്പെട്ടതിനാൽ കടിയേറ്റത് മഞ്ജു പ്രകാശ് അറിഞ്ഞില്ല. ശനിയാഴ്ചയായിരുന്നു സംഭവം.
ചെരിപ്പ് ധരിച്ച് പുറത്തു പോയി തിരികെ വന്ന ശേഷം മഞ്ജു പ്രകാശ് ചെരിപ്പ് അഴിച്ചുവെച്ച് വീട്ടിലേക്ക് പോയി. പിന്നാലെ വീട്ടിലെത്തിയ മറ്റൊരാളാണ് ചെരിപ്പിനുള്ളിൽ ചത്ത നിലയിൽ പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇയാൾ മഞ്ജു പ്രകാശിന്റെ പിതാവിനെ വിവരമറിയിച്ചു. പിന്നീട് മുറിയിൽ വിശ്രമിക്കുകയായിരുന്ന മഞ്ജു പ്രകാശിനെ കുടുംബാംഗങ്ങൾ രക്തം വാർന്ന് വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.