Bihar Model Voter List: ബിഹാർ മാതൃകയിൽ രാജ്യമൊട്ടാകെ വോട്ടർപട്ടിക പരിഷ്കരിക്കാൻ നീക്കം
Bihar Model Voter List Revised: ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ നടപടികൾ ആരംഭിച്ചുതുടങ്ങി. അടുത്തമാസത്തോടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുടനീളം വോട്ടർപട്ടികയിൽ മാറ്റംവരുത്താനുള്ള സംവിധാനങ്ങൾ പ്രാദേശികമായി ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു
ന്യൂഡൽഹി: ബിഹാർ മാതൃകയിൽ രാജ്യമൊട്ടാകെ വോട്ടർപട്ടിക പരിഷ്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നീക്കം. പ്രതിപക്ഷപാർട്ടികളുടെ എതിർപ്പിനിടെയാണ് പട്ടിക പരിഷ്ക്കരിക്കാൻ ഒരുങ്ങുന്നത്. അനധികൃത വോട്ടർമാരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യമൊട്ടാകെ വോട്ടർപട്ടിക പരിഷ്കരിക്കാൻ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ നടപടികൾ ആരംഭിച്ചുതുടങ്ങി. ഈ സംസ്ഥാനങ്ങളിലെ അവസാനത്തെ പരിഷ്കരണത്തിനുശേഷമുള്ള വോട്ടർപട്ടിക പുറത്തിറക്കിയിട്ടുണ്ട്. അടുത്തമാസത്തോടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുടനീളം വോട്ടർപട്ടികയിൽ മാറ്റംവരുത്താനുള്ള സംവിധാനങ്ങൾ പ്രാദേശികമായി ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ബംഗ്ലാദേശ്, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലെ കുടിയേറ്റക്കാർ ആധാർ കാർഡുണ്ടാക്കി വോട്ടർപട്ടികയിൽ അനധികൃതമായി കടന്നുകൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനിടെ ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിച്ചുകൊണ്ടുള്ള, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക നടപടി തടയുന്നില്ലെന്ന് സുപ്രീം കോടതിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാജ്യമൊട്ടാകെ ഈ രീതി നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പദ്ധതിയിടുന്നത്.
ബിഹാറുമായി ബന്ധപ്പെട്ട കേസ് വീണ്ടും ജൂലായ് 28-ന് സുപ്രീം കോടതി പരിഗണിക്കും. ഇതിനുശേഷമായിരിക്കും രാജ്യവ്യാപകമായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പരിഷ്കരണം പൂർത്തിയാക്കാനാണ് നീക്കം.
അതേസമയം, വോട്ടർപട്ടിക പരിഷ്കരിക്കാൻ സ്വീകരിക്കുന്ന രേഖകളിൽ ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും റേഷൻ കാർഡും ഉൾപ്പെടുണമെന്നാണ് സുപ്രീം കോടതിയുടെ അഭിപ്രായം. ബംഗ്ലാദേശ് കുടിയേറ്റക്കാർ ഏറെയുള്ള ബിഹാറിലെ സീമാഞ്ചൽ മേഖലയായ കിഷൻഗഞ്ച്, പൂർണിയ, കാട്ടിഹാർ, അറാറിയ എന്നിവിടങ്ങളിൽ ജനസംഖ്യയെക്കാൾ കൂടുതൽ ആധാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കമ്മിഷൻ സംശയിക്കുന്നത്.