Odisha Couple Assault Case: ദമ്പതികളെ കലപ്പയിൽകെട്ടി നാടുചുറ്റിച്ചു; ക്രൂരത ഒരേ ഗോത്രത്തിൽനിന്ന് വിവാഹം കഴിച്ചതിന്, സംഭവം ഒഡീഷയിൽ
Odisha Couple Tied To A Wooden Plough: സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുവാവും യുവതിയും പ്രണയിച്ചാണ് വിവാഹിതരായത്. രണ്ടുപേരും ഒരേ ഗോത്രത്തിലെ അംഗങ്ങളായിരുന്നു. ഇതാണ് കൊടും ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്.
ഭുവനേശ്വർ: ഒരേ ഗോത്രത്തിൽനിന്ന് വിവാഹം കഴിച്ചെന്നാരോപിച്ച് ദമ്പതികൾക്ക് നേരെ ഞെട്ടിക്കുന്ന ക്രൂരത. ഇരുവരെയും കലപ്പയിൽ കെട്ടിയിട്ട് നാടുചുറ്റിച്ചുകൊണ്ടാണ് കൊടും ക്രൂരത അരങ്ങേറിയത്. ഒഡിഷയിലെ കോരാപുർ ജില്ലയിലാണ് സംഭവം. ഗോത്രവർഗക്കാർക്ക് ഭൂരിപക്ഷമുള്ള നാരായൺപട്ന ബ്ലോക്കിലെ നഡിമെയ്ടികി ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്. യുവാവിനെയും യുവതിയെയും കലപ്പയിൽ കെട്ടി നാട്ടുകാർ ഗ്രാമത്തിലൂടെ നടത്തിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുവാവും യുവതിയും പ്രണയിച്ചാണ് വിവാഹിതരായത്. രണ്ടുപേരും ഒരേ ഗോത്രത്തിലെ അംഗങ്ങളായിരുന്നു. ഇതാണ് കൊടും ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. ഒരേ ഗോത്രത്തിൽ നിന്ന് വിവാഹം ചെയ്യുന്നത് ഗോത്രത്തിന്റെ പാരമ്പര്യ ലംഘനമാണെന്നാണ് മറ്റ് ഗ്രാമവാസികൾ ആരോപിക്കുന്നത്.
എന്നാൽ ഇരുവരെയും കലപ്പയിൽ കെട്ടി നാടുചുറ്റിക്കുകയും അതിന് പുറമെ, ശുദ്ധീകരണ ക്രിയകളും ഗ്രാമത്തിലെ പ്രമുഖർ നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. “ഞങ്ങളുടെ പാരമ്പര്യമനുസരിച്ച്, അത്തരം ബന്ധങ്ങൾ നിർഭാഗ്യത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് ഇവിടെയുള്ള കാർഷിക വിളകളെ ഇത് കാര്യമായി ബാധിക്കും. ഈ ശിക്ഷ മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പാണ്,” ഗ്രാമവാസിയായ നാഗേഷ് തണ്ടി പറഞ്ഞു.
ശുദ്ധീകരണ പ്രക്രിയ നടത്തിയ ശേഷം, ദമ്പതികൾക്ക് ഭർത്താവിന്റെ പിതാവിനൊപ്പം താമസിക്കാൻ അനുവാദം നൽകിയതായി അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ബുധനാഴ്ച റായഗഡ ജില്ലയിൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു യുവാവിനെയും യുവതിയെയും തോളിൽ നുകം കെട്ടി നടത്തുകയും ഗ്രാമവാസികളുടെയും സമൂഹത്തിലെ മുതിർന്നവരുടെയും മുന്നിൽ വയൽ ഉഴുതുമറിക്കാൻ ഇവരെ നിർബന്ധിതരാക്കുകയും ചെയ്തു.