സ്കൂളിൽ കുട്ടികൾ നോക്കി നിൽക്കെ അധ്യാപികയെ വെടിവച്ച് കൊന്നു; അക്രമിയും ജീവനൊടുക്കി
Horror in School: Teacher Gunned Down as Children Watch,: ഫാത്തിമയും സൗദും തമ്മിൽ ദീർഘകാലമായി പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെടിവെപ്പ് നടന്ന സ്കൂളിലെ ഇടനാഴി പോലീസ് പൂർണ്ണമായും അടച്ചുപൂട്ടി. സംഭവത്തിന് പിന്നാലെ പരിഭ്രാന്തരായ വിദ്യാർത്ഥികളെ പോലീസിൻ്റെ നേതൃത്വത്തിൽ തന്നെ സ്കൂളിൽ നിന്ന് പുറത്തെത്തിച്ചു
ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് അധ്യാപികയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തി. പിന്നാലെ സ്വയം വെടിയുതിർത്ത് അക്രമി ജീവനൊടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് നാടിനെയാകെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ഹിദായത്ത് നഗർ സ്വദേശിനിയായ നിഷാത് ഫാത്തിമ (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മുഹമ്മദ് സൗദ് എന്ന 28 കാരനാണ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
നഗരത്തിലെ ചിൽഡ്രൻസ് അക്കാദമി സ്കൂളിലാണ് സംഭവം നടന്നതെന്ന് ലഖിംപൂർ ഖേരി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ഖ്യാതി ഗാർഗ് പറഞ്ഞൂ. കഴിഞ്ഞ ഒരു വർഷത്തോളമായി ഫാത്തിമ ഈ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏകദേശം 11:30 ഓടെയാണ് സൗദ് ഫാത്തിമയെ കാണാനായി സ്കൂളിലെത്തിയത്. സ്കൂളിൻ്റെ ഇടനാഴിയിൽ വെച്ച് യുവതിയുമായി സംസാരിച്ചു നിൽക്കുന്നതിനിടെ ബാഗിൽ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് പ്രതി ഫാത്തിമയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: കേതൻ അഗർവാൾ കൊലപാതകം; പ്രതികളായ സിയയും കാമുകനും രഹസ്യമായി വിവാഹം കഴിച്ചതായി സംശയം
ഫാത്തിമയും സൗദും തമ്മിൽ ദീർഘകാലമായി പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെടിവെപ്പ് നടന്ന സ്കൂളിലെ ഇടനാഴി പോലീസ് പൂർണ്ണമായും അടച്ചുപൂട്ടി. സംഭവത്തിന് പിന്നാലെ പരിഭ്രാന്തരായ വിദ്യാർത്ഥികളെ പോലീസിൻ്റെ നേതൃത്വത്തിൽ തന്നെ സ്കൂളിൽ നിന്ന് പുറത്തെത്തിച്ചു. പിന്നീട് ഫോറൻസിക് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഈ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് പോലീസിന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സ്കൂൾ അധികൃതർ, മറ്റ് അധ്യാപകർ, ദൃക്‌സാക്ഷികൾ എന്നിവരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കൂടാതെ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് അറിയാൻ ഇരുവരുടെയും കുടുംബാംഗങ്ങളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
English Summary
A 26-year-old woman teacher was shot dead in front of her students inside a school in UP’s Lakhimpur Kheri by a 28-year-old acquaintance. Following the brutal murder, the attacker shot and killed himself. Police are currently investigating the motive.