Women Reservation Bill: വനിത സംവരണ ബിൽ പാസാകുമോ? വോട്ടെടുപ്പ് ഇന്ന്, നിലപാടിലുറച്ച് പ്രതിപക്ഷം
Women’s Reservation Bill Votes Today: എല്ലാ സംസ്ഥാനങ്ങൾക്കും നീതി ഉറപ്പാക്കിക്കൊണ്ടായിരിക്കും വനിത സംവരണവും മണ്ഡല പുനർനിർണയവും നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ പ്രതിപക്ഷം സാങ്കേതിക കാരണം പറഞ്ഞ് ഇത് തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന വാദം.
ന്യൂഡൽഹി: വനിത സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന്. വൈകിട്ട് നാല് മണിക്കാണ് വോട്ടെടുപ്പ് നടത്തുന്നത്. ബിൽ പാസാകാൻ 360 എംപിമാരുടെ പിന്തുണയാണ് ആവശ്യം. ബിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ പ്രതിപക്ഷം 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. വനിതാസംവരണ ബില്ലിന്റെ മറവിൽ 2029ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡല പുനർ നിർണയം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും നീതി ഉറപ്പാക്കിക്കൊണ്ടായിരിക്കും വനിത സംവരണവും മണ്ഡല പുനർനിർണയവും നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ പ്രതിപക്ഷം സാങ്കേതിക കാരണം പറഞ്ഞ് ഇത് തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന വാദം.
ALSO READ: വനിതാ സംവരണ ബിൽ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി
അതേസമയം, നിലവിലെ സാഹചര്യത്തിൽ ബില്ല് പാസാകുന്നത് അത്ര എളുപ്പമാകില്ല. ബിൽ പാസാകാൻ 360 എംപിമാരുടെ പിന്തുണ വേണം. ഭരണഘടനാ ഭേദഗതി ബില്ലായതിനാൽ സഭയിൽ ഹാജരായി വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിൽ പാസാകാൻ ആവശ്യമാണ്. എന്നാൽ എൻ.ഡി.എയ്ക്ക് 69 അംഗങ്ങളുടെ കുറവുണ്ട്. ഭരണഘടനയുടെ 81-ാം അനുച്ഛേദം, 334(എ)അനുച്ഛേദം എന്നിവയാണ് പുതിയ ബില്ലിലൂടെ ഭേദഗതി ചെയ്യുന്നത്.