Viral News: ഇതാര് ഗ്രേറ്റ് കാളിയോ? ‘ഭീമന്‍’ മുതലയെ തൂക്കിയെടുത്ത് യുവാവ്
Youth Carried Crocodile On Shoulder: ഹയാത്ത് മുതലയെ തോളിലിട്ട് കൊണ്ടുപോയപ്പോള്‍ ഗ്രാമവാസികള്‍ കയ്യടിച്ചു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഗേറ്റ പ്രദേശത്തെ ചമ്പൽ നദിയിലേക്ക് മുതലയെ തുറന്നുവിടുകയും ചെയ്തു. ഗ്രാമത്തിന് സമീപത്തുള്ള ഒരു കുളത്തില്‍ നിരവധി മുതലകളുണ്ടെന്നാണ് റിപ്പോര്‍ട്ട്

സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍
ഗ്രാമവാസികളെ ഭയപ്പെടുത്തിയ ഭീമന്‍ മുതലയെ ഒറ്റയ്ക്ക് തോളിലിട്ട് യുവാവിന്റെ സാഹസം. രാജസ്ഥാനിലെ കോട്ടയിലുള്ള ബഞ്ചാരിയിലാണ് സംഭവം നടന്നത്. യുവാവ് മുതലയെ തോളില്‍ ചുമന്നുകൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രക്ഷാപ്രവര്‍ത്തകര്‍ എത്താത്തതിനെ തുടര്‍ന്ന് എട്ടടി നീളമുള്ള മുതലയെ യുവാവ് തോളില്‍ ചുമക്കുകയായിരുന്നു. ഏതാണ്ട് 80 കിലോയോളം ഭാരമുണ്ട് ഈ മുതലയ്‌ക്കെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാത്രിയാണ് ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി മുതല പ്രദേശത്ത് ഒരു വീട്ടിലേക്ക് കയറിയത്. കുടുംബാംഗങ്ങള്‍ ലിവിങ് റൂമില്‍ ഇരിക്കുമ്പോള്‍ മുന്‍വശത്തെ വാതിലിലൂടെയാണ് മുതല അകത്തേക്ക് പ്രവേശിച്ചത്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുതലയെ കണ്ടതും ഞെട്ടിവിറച്ച വീട്ടുകാര്‍ പുറത്തേക്ക് ഓടി.
ഒട്ടും സമയം കളയാതെ പ്രാദേശിക അധികാരികളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ കുറേനേരം കാത്തിരുന്നിട്ടും രക്ഷാപ്രവര്‍ത്തകര്‍ ആരുമെത്തിയില്ല. ഇതോടെ ഗ്രാമവാസികള്‍ ആശങ്കയിലായി. തുടര്‍ന്ന് വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹയാത്ത് ഖാന്‍ എന്ന യുവാവുമായി ബന്ധപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ ഹയാത്തും സംഘവും സംഭവസ്ഥലത്തെത്തി.
പിന്നീട് നടന്നതെല്ലാം സിനിമാ രംഗങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ഹയാത്തും സംഘവും ആദ്യം മുതലയുടെ വാ ടേപ്പ് വച്ച് ഒട്ടിച്ചു. പിന്നെ അതിന്റെ കാലുകള്‍ കൂട്ടിക്കെട്ടി. രാത്രി 11 മണിയോടെ യുവാവ് മുതലയെ പിടികൂടി കൊണ്ടുപോയി.
ഹയാത്ത് മുതലയെ തോളിലിട്ട് കൊണ്ടുപോയപ്പോള്‍ ഗ്രാമവാസികള്‍ ആര്‍പ്പുവിളിച്ചു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഗേറ്റ പ്രദേശത്തെ ചമ്പൽ നദിയിലേക്ക് മുതലയെ തുറന്നുവിടുകയും ചെയ്തു. ഗ്രാമത്തിന് സമീപത്തുള്ള ഒരു കുളത്തില്‍ നിരവധി മുതലകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്നാകാം ഈ മുതലയെത്തിയതെന്ന് കരുതുന്നു. മുതലകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.