Himani Narwal Death: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ മരണത്തിൽ ട്വിസ്റ്റ്; ബൈൽ ഫോണും ആഭരണങ്ങളും കണ്ടെടുത്തു: സുഹൃത്ത് അറസ്റ്റിൽ
Congress Worker Himani Narwal Death: വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമെ ഇയാൾ എന്തിനാണ് ഹിമാനിയെ കൊലപ്പെടുത്തിയതെന്നടക്കമുള്ള കാര്യത്തിൽ പോലീസിന് വ്യക്തത ലഭിക്കുകയുള്ളൂ. അറസ്റ്റിന് പിന്നാലെ ഹിമാനിയുടെ കുടുംബം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഹിമാനി നർവാൾ
ചണ്ഡീഗഡ്: കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിൻറെ മൃതദേഹം ഹരിയാനയിൽ സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹിമാനിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബഹാദുർഗഡ് സ്വദേശിയും ഹിമാനി നർവാളിൻറെ സുഹൃത്തുമായിരുന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമെ ഇയാൾ എന്തിനാണ് ഹിമാനിയെ കൊലപ്പെടുത്തിയതെന്നടക്കമുള്ള കാര്യത്തിൽ പോലീസിന് വ്യക്തത ലഭിക്കുകയുള്ളൂ. ഹിമാനി യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും പോലീസ് വൃത്തങ്ങൾ പറയുന്നു. അറസ്റ്റിന് പിന്നാലെ ഹിമാനിയുടെ കുടുംബം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രതിയുടെ വെളിപ്പെടുത്തുന്നതുവരെ ഹിമാനി നർവാളിൻ്റെ സംസ്കാര ചടങ്ങുകൾ നടത്തില്ലെന്നാണ് കുടുംബാംഗങ്ങളിൽ ഒരാൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമം കഴിഞ്ഞ ദിവസമാണ് ഹിമാനി നർവാളിൻറെ മൃതദേഹം കണ്ടെത്തിയത്. റോഹ്തക് – ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹവും സ്യൂട്ട് കേസും കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് റോഹ്തക് ജില്ലാ വൈസ് പ്രസിഡൻറായിരുന്നു ഹിമാനി നർവാൾ. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോലീസ് പ്രാഥമിക നിഗമനത്തിൽ വ്യക്തമായത്. വഴിയാത്രക്കാരാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. അതിനാൽ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് നേതൃത്വത്തിൻ്റെ ആവശ്യം. മകളുടെ കൊലപാതകിയെ പിടികൂടും വരെ മൃതദേഹം സംസ്കരിക്കില്ലെന്ന് അമ്മ സവിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിമാനിയുടെ രാഷ്ട്രീയ വളർച്ചയിൽ ചിലർക്ക് അസൂയയുണ്ടായിരുന്നുവെന്നും അമ്മ ആരോപിച്ചു. പാർട്ടിക്കുള്ളിലുള്ളവരോ പുറത്തുള്ളവരോ ആകാം മകളുടെ കൊലപാതകത്തിന് കാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
ഫെബ്രുവരി 27 നാണ് മകളുമായി അവസാനമായി സംസാരിച്ചതെന്നും പിന്നീടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും സവിത വെളിപ്പെടുത്തി. ഫെബ്രുവരി 28 ന് മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ നടത്തുന്ന റാലിയിൽ ഹിമാനി പങ്കെടുത്തതയാും അവർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തിയെങ്കിലും, മകളുടെ മരണശേഷം പാർട്ടിയിലെ ഒരു മുതിർന്ന നേതാവും പോലും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഹിമാനിയുടെ അമ്മ ആരോപിച്ചു.