Nipah Outbreak Kerala: നിപ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Nipah Virus Symptoms in Palakkad: അതേസമയം രോഗം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തുവിട്ടിരുന്നു.

പാലക്കാട്: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ കുട്ടിക്കും പനി. പത്ത് വയസുള്ള കുട്ടിയ്ക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. അതേസമയം രോഗം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ മാസം ജൂൺ 25-ാം തീയതിയായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ രോഗം മൂര്‍ച്ഛിതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ യുവതിയുടെ സ്രവം പരിശോധനയ്ക്കയച്ചതോടെയാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ യുവതിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ നിര്‍ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലവും പോസിറ്റീവായിരുന്നു.
Also Read: സംസ്ഥാനത്ത് വീണ്ടും ഒരു നിപ മരണം; മങ്കട സ്വദേശിനി മരിച്ചു
ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണമുണ്ട്. പ്രദേശത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേരാണുള്ളത്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്.