Parukutty Visits Sabarimala: എല്ലാത്തിനും തുടക്കം പേരക്കുട്ടിയുടെ ആ ചോദ്യം; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി
Parukutty Visits Sabarimala: പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം കൊണ്ട് സുഖമായി അയ്യപ്പനെ തൊഴാന്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥർ സുഖദര്‍ശനം സാധ്യമാക്കിയെന്ന് പാറുകുട്ടിയമ്മ പറഞ്ഞു.
പത്തനംതിട്ട: പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് വയനാട് മീനങ്ങാടി കോളേരി സ്വദേശിനി പാറുക്കുട്ടിയമ്മ. 102 -ാം വയസില്‍ ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തിൽ മൂന്നാം തവണയും അയ്യനെ തൊഴാൻ സന്നിധിയിലെത്തി. രണ്ട് വർഷം മുൻപ് നൂറാം വയസിലാണ് പാറുക്കുട്ടിയമ്മ ആദ്യമായി കന്നി മാളികപ്പുറമായി സന്നിധാനത്ത് എത്തിയത്. തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവും അയ്യപ്പനെ തൊഴാൻ പാറുക്കുട്ടിയമ്മ എത്തി.
പതിനെട്ടാംപടി വരെ ഡോളിയിലാണ് എത്തിയത്. പിന്നീട് ഇവിടെ നിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പടി ചവിട്ടി. പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം കൊണ്ട് സുഖമായി അയ്യപ്പനെ തൊഴാന്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥർ സുഖദര്‍ശനം സാധ്യമാക്കിയെന്ന് പാറുകുട്ടിയമ്മ പറഞ്ഞു.
Also Read:പാപം തീരാന്‍ അന്നദാനവും മാളിപ്പുറത്തേക്ക് മാലയും; സ്വര്‍ണം മോഷ്ടിച്ചത് ശബരിമലയിലേതെന്ന് അറിഞ്ഞുതന്നെ
2023 ല്‍ പേരക്കുട്ടികളും ബന്ധുക്കളും മലയ്ക്ക് പോകാനൊരുങ്ങുമ്പോള്‍ പേരമകൻ ഗിരീഷ് കുമാറിന്റെ ഒരു ചോദ്യമാണ് പാറുകുട്ടിയമ്മയെ അയപ്പന്റെ അടുത്തേക്ക് എത്തിച്ചത്. മുത്തശ്ശിയും പോരുന്നോ എന്നായിരുന്നു അന്ന് ഗിരീഷ് ചോദിച്ചത്. അങ്ങനെയാണ് ആദ്യമായി അയ്യപ്പ സന്നിധിയിലെത്തുന്നത്. ഇത്തവണയും പേരക്കുട്ടികളും ബന്ധുക്കളുമടക്കം 12 അംഗ സംഘത്തോടൊപ്പമാണ് മുത്തശ്ശി സന്നിധിയിലെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോളേരി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് യാത്ര തിരിച്ചത്. അതേസമയം ഏറ്റുമാനൂര്‍ സ്വദേശി വിശ്വ തേജസ് സംവിധാനം ചെയ്ത രുദ്രന്റെ നീരാട്ട് എന്ന സിനിമയിൽ പാറുക്കുട്ടിയമ്മ അഭിനയിച്ചിട്ടുണ്ട്. 100-ാം വയസില്‍ ശബരിമലതീര്‍ഥാടന യാത്ര നടത്തുന്ന സ്വന്തം ജീവിതത്തിലെ വേഷം തന്നെയാണ് പാറുക്കുട്ടിയമ്മ സിനിമയിലും ചെയ്തിരിക്കുന്നത്.