Vande Bharat: എയര്‍ ആംബുലന്‍സില്ല, ഹൃദയശസ്ത്രക്രിയയ്ക്കായി 13കാരി യാത്ര ചെയ്തത് വന്ദേഭാരതില്‍
Emergency Travel for Surgery in Kerala: കുട്ടിയുടെ ഹൃദയം നിലച്ചുപോകുന്ന സാഹചര്യമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ് കൊച്ചിയിലെത്തിക്കുന്നത്.
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ എത്തിച്ചത് വന്ദേഭാരതില്‍. അഞ്ചല്‍ ഏരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കൊച്ചിയിലേക്ക് വന്ദേഭാരതില്‍ എത്തിച്ചത്. എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു വന്ദേഭാരതിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. കൊച്ചി ലിസി ആശുപത്രിയിലാണ് ചികിത്സ.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയെയാണ് കൊച്ചിയിലേക്ക് എത്തിക്കുന്നത്. കുട്ടിയുടെ ഹൃദയം നിലച്ചുപോകുന്ന സാഹചര്യമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ് കൊച്ചിയിലെത്തിക്കുന്നത്.
അടുത്ത ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചിയില്‍ നടക്കാനാണ് സാധ്യത. അതിനാല്‍ ശ്രീചിത്രയില്‍ നിന്ന് ലിസി ആശുപത്രിയെ ബന്ധപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയ്ക്ക് മാറ്റിവെക്കാനുള്ള ഹൃദയം ലഭിച്ചിട്ടുണ്ടെന്ന വിവരം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം.




കൊച്ചിയിലേക്ക് കുട്ടിയെ എത്തിക്കാന്‍ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ ഇടപെല്‍ നടത്തിയെങ്കിലും ആംബുലന്‍സ് ലഭ്യമല്ലാത്തത് വെല്ലുവിളിയായി. ഇതിന് പിന്നാലെ എംപി ക്വാട്ടയില്‍ വന്ദേഭാരതില്‍ കൊച്ചിയിലേക്ക് കുട്ടിയെ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.