Kannur: കണ്ണൂരിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം
Family Members Found Dead: കണ്ണൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ. ആത്മഹത്യയെന്നാണ് പോലീസ് സംശയം.
കണ്ണൂരിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. പയ്യന്നൂർ രാമന്തളിയിലാണ് അഞ്ചും രണ്ടും വയസുള്ള രണ്ട് കുട്ടികളടക്കം നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. 22ന് രാത്രി എട്ട് മണിയോടെ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
രാമന്തളി വടക്കുമ്പാട് കെടി കലാധരൻ (38), കലാധരൻ്റെ അമ്മ ഉഷ (60), കലാധരൻ്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. കലാധരൻ്റെ അച്ഛൻ രാത്രി വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് വീടിനുള്ളിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കലാധരൻ്റെയും ഉഷയുടെയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലും കുട്ടികളുടെ മൃതദേഹങ്ങൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നു.
കലാധരനുമായി ഭാര്യ അകന്നുകഴിയുകയാണ്. അതുൾപ്പെടെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ കുടുംബപ്രശ്നങ്ങളുണ്ട്. കലാധരനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പൊതുപ്രവർത്തകരടക്കം നടത്തിവരികയാണ്. ഇതിനിടെയാണ് മരണം സംഭവിച്ചത്. കുട്ടികളെ കൊലപ്പെടുത്തി ഇവർ ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളുണ്ടെന്നും സാമ്പത്തിക പ്രശ്നങ്ങൾ ഇവർക്കിടയിൽ ഇല്ലെന്നും സൂചനകളുണ്ട്. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(അറിയിപ്പ്: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികമായി പിന്തുണ വേണമെന്ന് തോന്നുകയാണെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)