AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

First district-level heart transplant: ഹൃദയം മാറ്റിവെച്ച് ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി, ഇത് രാജ്യത്ത് തന്നെ ആദ്യം

Ernakulam General Hospital achieves a historic milestone : തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം ചിറയ്ക്കര സ്വദേശി എസ്. ഷിബുവിന്റെ (46) അവയവങ്ങളാണ് ഏഴ് പേർക്ക് പുതുജീവൻ നൽകിയത്.

First district-level heart transplant: ഹൃദയം മാറ്റിവെച്ച് ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി, ഇത് രാജ്യത്ത് തന്നെ ആദ്യം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
aswathy-balachandran
Aswathy Balachandran | Published: 22 Dec 2025 21:28 PM

കൊച്ചി: രാജ്യത്തെ ആരോഗ്യരംഗത്ത് വിപ്ലവകരമായ നേട്ടം കൈവരിച്ച് കേരളം. ഇന്ത്യയിലാദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി ചരിത്രം സൃഷ്ടിച്ചു. നേപ്പാൾ സ്വദേശിനിയായ 22-കാരിക്കാണ് പുതുജീവൻ ലഭിച്ചത്.

പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട നേപ്പാൾ സ്വദേശിനിയായ പെൺകുട്ടി അനാഥാലയത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെ അനാഥാലയ നടത്തിപ്പുകാരനായ മലയാളിയാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്ററിലാണ് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തിച്ചത്. പോലീസ് ഒരുക്കിയ ഗ്രീൻ ചാനൽ വഴി റോഡ് ക്ലിയറൻസ് സാധ്യമാക്കി മിന്നൽ വേഗത്തിൽ അവയവം ആശുപത്രിയിലെത്തിക്കാൻ സാധിച്ചു. കെ-സോട്ടോ (K-SOTO) ആണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്.

നേരത്തെ ഹൃദയം തുറക്കാതെയുള്ള വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി നടത്തിയ ഈ ആശുപത്രി, ഹൃദയം മാറ്റിവയ്ക്കൽ കൂടി പൂർത്തിയാക്കിയതോടെ രാജ്യത്തെ മികച്ച സർക്കാർ ആശുപത്രികളിലൊന്നായി മാറി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഷിബുവിന്റെ കുടുംബത്തിന് നന്ദി അറിയിക്കുകയും ആശുപത്രി അധികൃതരെ അഭിനന്ദിക്കുകയും ചെയ്തു.

 

ഏഴ് പേർക്ക് തണലായി ഷിബു

 

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം ചിറയ്ക്കര സ്വദേശി എസ്. ഷിബുവിന്റെ (46) അവയവങ്ങളാണ് ഏഴ് പേർക്ക് പുതുജീവൻ നൽകിയത്. ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിലെ നേപ്പാൾ സ്വദേശിനിയ്ക്ക് ലഭിച്ചപ്പോൾ വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ രോഗികൾക്ക് ലഭിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കാണ് കരൾ പകുത്ത് നൽകിയത്. രണ്ട് നേത്രപടലങ്ങളും ചർമ്മവും ദാനം ചെയ്തിട്ടുണ്ട്.