7th Pay Commission: ക്ഷാമബത്ത കുടിശ്ശിക; വ്യക്തമായ സ്കീം തയ്യാറാക്കാൻ സർക്കാരിനോട് ഹൈക്കോടതി
Dearness Allowance Arrears: ക്ഷാമബത്ത കുടിശ്ശികയിൽ 25 ശതമാനമെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്.
കൊച്ചി: അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും പരിഷ്കരിച്ച ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാൻ വ്യക്തമായ സ്കീം തയ്യാറാക്കണമെന്ന് ഹൈക്കോടതി. തയാറാക്കുന്ന സ്കീം കോടതിയെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എൻ. മഹേഷ് അടക്കം സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. ക്ഷാമബത്ത കുടിശ്ശികയിൽ 25 ശതമാനമെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്.
ക്ഷാമബത്തയും കുടിശ്ശികയും നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് വ്യക്തമാക്കിയ കോടതി, തുക അനുവദിക്കാനുള്ള സമയക്രമവും തുടർനടപടികളും വിശദീകരിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ക്ഷാമബത്തയുടെ മൂന്ന് ഗഡുക്കൾ അനുവദിച്ചതായി സർക്കാർ വ്യാഴാഴ്ച കോടതിയെ അറിയിച്ചു. എന്നാൽ, ഇതിൽ കുടിശ്ശിക ഉൾപ്പെടുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു; ഇത്തവണ 2000 കോടി രൂപ
പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ ആഴ്ച 1000 കോടി വായ്പയെടുത്തതിന് പിന്നാലെയാണ് വീണ്ടും കടമെടുക്കുന്നത്.
സെപ്റ്റംബര്‍ മാസത്തെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നതില്‍ സർക്കാർ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് വേണ്ടിയാണ് പൊതുവിപണിയിൽ നിന്ന് വീണ്ടും കടമെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഓണക്കാലത്തും 8000 കോടി രൂപയോളം കടമെടുത്തിരുന്നു.