AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aswathy Sreekanth: ‘ഈ ലോകം അത്ര നന്നല്ല കുഞ്ഞേ’; നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് നടി അശ്വതി ശ്രീകാന്ത്

Aswathy Sreekanth Response to 4 Year Old Girl Abuse Case: വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്‍പ്പിടച്ചിലാണെന്ന് അശ്വതി പറയുന്നു. ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ വയ്യാത്ത കാലമാണിതെന്നും നടി കൂട്ടിച്ചേർത്തു.

Aswathy Sreekanth: ‘ഈ ലോകം അത്ര നന്നല്ല കുഞ്ഞേ’; നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് നടി അശ്വതി ശ്രീകാന്ത്
അശ്വതി ശ്രീകാന്ത്Image Credit source: Instagram
nandha-das
Nandha Das | Published: 22 May 2025 14:30 PM

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്‍പ്പിടച്ചിലാണെന്ന് അശ്വതി പറയുന്നു. ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ വയ്യാത്ത കാലമാണിതെന്നും നടി കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം.

അവധിക്കാലം കഴിയുമ്പോൾ വീട്ടിൽ നിന്നിറങ്ങി പോകാൻ ഒരിടമുള്ളതിൽ ആശ്വസിക്കുന്ന എത്ര കുഞ്ഞുങ്ങളുണ്ടാവും അല്ലേ? എന്ന് അശ്വതി ചോദിക്കുന്നു. ആ വാർത്ത ആവർത്തിച്ചു പറയുന്നില്ല, ധൈര്യം കുറവായത് കൊണ്ടാണ്. വീട്ടിനുള്ളിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലല്ലോ എന്നോർക്കുമ്പോൾ എന്തൊരു ഉൾപ്പിടച്ചിലാണ്. ഇങ്ങനെ അവസാനിച്ചില്ലായിരുന്നുവെങ്കിൽ ആ കുഞ്ഞ് ആരും അറിയാതെ എന്തിലൂടെയൊക്കെ ജീവിച്ചു തീർത്തേനെ എന്നും അശ്വതി പറയുന്നു.

അടുത്തിടെ ഒരു നടി തനിക്ക് കുഞ്ഞു നാളിൽ ഉണ്ടായ ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ ഒരു വാർത്ത കണ്ടിരുന്നു. അതിന് താഴെ വന്ന ഒരു കമാണത് തന്നെ ശരിക്കും ഞെട്ടിച്ചു. ‘ലഡു നിർബന്ധിച്ചു കഴിപ്പിച്ചാലും മധുരം തന്നെ ആണല്ലോ’ എന്നായിരുന്നു വന്ന കമന്റ്. എന്തൊരു മനോനിലയാണിതെന്ന് അശ്വതി ചോദിക്കുന്നു.

പെർവേർട്സിന് പഞ്ഞമില്ലാത്ത ഒരു നാടാണിതെന്നും, പ്രതിരോധം കുറയുന്നത് കൊണ്ടും നിയന്ത്രിക്കാൻ എളുപ്പമായത് കൊണ്ടും കുഞ്ഞുങ്ങളാണ് മിക്കപ്പോഴും ഇതിനെല്ലാം ഇരയാവുന്നതെന്നും നടി പറയുന്നു. രക്ഷിതാക്കൾ ശ്രദ്ധിക്കണം എന്ന് പറയാമായിരുന്നു. എന്നാൽ, ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാൻ വയ്യാത്ത കാലത്ത് ആരോട് പറയാനാണെന്നും അശ്വതി കൂട്ടിച്ചേർത്തു. ‘ഈ ലോകം അത്ര നന്നല്ല കുഞ്ഞേ’ എന്ന് പറഞ്ഞുകൊണ്ടാണ് അശ്വതിയുടെ കുറിപ്പ് അവസാനിക്കുന്നത്.

അശ്വതി ശ്രീകാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:

ALSO READ: കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

അതേസമയം, നാല് വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. ചില ദിവസങ്ങളില്‍ ഇയാള്‍ക്കൊപ്പമാണ് കുട്ടി കിടന്നുറങ്ങിയിരുന്നതെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്ന കാര്യം അമ്മയ്ക്കും അറിയാമായിരുന്നുവെന്നാണ് പോലീസിന്റെ സംശയിക്കുന്നത്. ഇക്കാര്യങ്ങളിൽ ഉൾപ്പടെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.