Ahmedabad Air India Crash: “എന്റെ അമ്മയെ തിരിച്ചു തരണേ…ആ വിമാനാപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി
Ranjitha Nair : വീടിന്റെ അത്താണി ആയിരുന്നു രഞ്ജിത. രണ്ടു കുട്ടികളെയും അമ്മയെ ഏൽപ്പിച്ചാണ് വിദേശത്തേക്ക് രഞ്ജിത പോയത്. മക്കളും അമ്മയും നാട്ടിൽ ആയതുകൊണ്ട് തന്നെ വിദേശത്ത് ജോലി ഉപേക്ഷിച്ച് നാട്ടിൽ താമസമാക്കാൻ ആയിരുന്നു രഞ്ജിതയുടെ തീരുമാനം

Ranjitha Nair
തിരുവല്ല: അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ രഞ്ജിത നായരും മരിച്ചിട്ടുണ്ടെന്ന് വാർത്ത നടുക്കത്തോടെയാണ് കുടുംബവും നാട്ടുകാരും കേട്ടത്. വാർത്ത അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും രഞ്ജിതയുടെ മക്കളെയും അമ്മയെയും ആശ്വസിപ്പിക്കാൻ തന്നെ ബുദ്ധിമൂട്ടുകയാണ്. ഏഴാം ക്ലാസുകാരി ഇഗിതയും പത്താം ക്ലാസുകാരൻ ഇന്ദുചൂഡനും ഇപ്പോഴും അമ്മയുടെ വിയോഗം അംഗീകരിക്കാനായിട്ടില്ല. അമ്മയെ തിരിച്ചു തരണേ എല്ലാവരും പ്രാർത്ഥിക്കണേ എന്ന് പറഞ്ഞുകൊണ്ട് വാവിട്ടു കരയുന്ന ഏഴാം ക്ലാസുകാരി എല്ലാവർക്കും നോവ് പകരുന്ന കാഴ്ചയാണ്.
വീടിന്റെ അത്താണി ആയിരുന്നു രഞ്ജിത. രണ്ടു കുട്ടികളെയും അമ്മയെ ഏൽപ്പിച്ചാണ് വിദേശത്തേക്ക് രഞ്ജിത പോയത്. മക്കളും അമ്മയും നാട്ടിൽ ആയതുകൊണ്ട് തന്നെ വിദേശത്ത് ജോലി ഉപേക്ഷിച്ച് നാട്ടിൽ താമസമാക്കാൻ ആയിരുന്നു രഞ്ജിതയുടെ തീരുമാനം എന്ന് പ്രദേശവാസികൾ പറയുന്നു. പഴയ വീടിനടുത്ത് പണിതീരാതെ കിടക്കുന്ന പുതിയ വീട് മറ്റൊരു നോവുന്ന ദൃശ്യം.
സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് ജോലിയിൽ പ്രവേശിക്കാൻ ഏതാനും ദിവസത്തെ അവധിയെടുത്താണ് രഞ്ജിത നാട്ടിലെത്തിയത്. കുട്ടികൾക്കും അമ്മയ്ക്കും ഒപ്പം അവധി ആഘോഷിക്കുമ്പോൾ ഇങ്ങനെ ഒരു ദുരന്തം അവർ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ബുധനാഴ്ച ഉച്ചയോടെയാണ് രഞ്ജിത വീട്ടിൽനിന്ന് യാത്രതിരിച്ചത്.
വീട്ടിൽനിന്ന് ചെന്നൈയിലേക്കും അവിടെനിന്ന് അഹമ്മദാബാദിക്കും പോയി. രണ്ടുദിവസം മുമ്പ് വരെ കണ്ടു സംസാരിച്ച പലർക്കും രഞ്ജിതയുടെ വിയോഗം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. രഞ്ജിതയുടെ പിതാവ് ഗോപകുമാർ നേരത്തെ മരിച്ചതാണ്.