അടിയന്തര ലാൻഡിംഗിനിടെ റൺവേയിൽ മറ്റൊരു വിമാനം, വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കെസി വേണുഗോപാൽ
Air India Emergency Landing: വിമാനത്തിൽ എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ എന്നീ എംപിമാരടക്കം 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 2455 വിമാനത്തിന് അടിയന്തര ലാൻഡിംഗ്. സാങ്കേതിക തകരാറിനെ തുടർന്നാണ് ചെന്നൈയിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം വഴിതിരിച്ചുവിടുകയായിരുന്നു.
റഡാർ സംവിധാനത്തിലെ തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണം. ഇന്ധനം പൂർണ്ണമായി ഉണ്ടായിരുന്നതിനാൽ, ആദ്യഘട്ടത്തിൽ ലാൻഡിങ് ശ്രമം ഉപേക്ഷിക്കുകയും, പിന്നീട് ഇന്ധനം തീർക്കുന്നതിനായി വിമാനം മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറത്തി. ശേഷം രാത്രി 10:45-ഓടെ ചെന്നൈയിൽ ഇറക്കുകയായിരുന്നു.
വിമാനത്തിൽ എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ എന്നീ എംപിമാരടക്കം 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിന്റെ അടിയന്തര ലാൻഡിംഗിന് ശ്രമിക്കവെ റൺവേയിൽ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയായി. ഇതോടെ ഒഴിവായത് വൻ ദുരന്തം.
Also Read:15ഓളം പേർ ചേർന്ന് കാർ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവം കാട്ടാക്കടയിൽ
സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്തെത്തി. അടിയന്തര ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്നാണ് അടൂർ പ്രകാശ് വിവരിച്ചത്.
സംഭവത്തിൽ പ്രതികരിച്ച് എയർ ഇന്ത്യയും രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തെ തുടർന്നുള്ള മുൻകരുതലിനായാണ് ചെന്നൈക്ക് വഴിതിരിച്ച് വിട്ടതെന്നും വിമാനത്തിന്റെ പരിശോധന നടത്തുന്നുവെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. എംപിമാരടക്കം 160 യാത്രക്കാർക്കും ഉടൻ തന്നെ മറ്റൊരു വിമാനത്തിൽ യാത്ര സൗകര്യം സജ്ജമാക്കിയെന്നും എയർഇന്ത്യ വക്താവ് വ്യക്തമാക്കി.