Cherthala Missing Case: കത്തിക്കരിഞ്ഞ അസ്ഥികൾ, സ്ഥലത്ത് കെഡാവർ നായയും; സെബാസ്റ്റ്യൻ്റെ വീടിൻ്റെ തറ പൊളിച്ച് പരിശോധന
Alappuzha Cherthala Missing And Death Case: അന്വേഷണത്തോട് സഹകരിക്കാതെയുള്ള നിലപാടാണ് സെബാസ്റ്റ്യൻ്റേത്. ഇത് അന്വേഷണത്തിന് കൂടുതൽ വെല്ലുവിളിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മുമ്പ് നടത്തിയ പരിശോധയിൽ അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തിയ അതേ സ്ഥലത്ത് നിന്നാണ് വീണ്ടും അസ്ഥികൾ കണ്ടെത്തിയിരിക്കുന്നത്.

അറസ്റ്റിലായ സെബാസ്റ്റ്യൻ
ആലപ്പുഴ: ചേർത്തല ജെയ്നമ്മ തിരോധാന കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടിൽ തെളിവെടുപ്പ്. സെബാസ്റ്റ്യന്റെ പുരയിടത്തിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ നിലയിൽ 20ഓളം അസ്ഥിക്കഷ്ണങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കെഡാവർ നായയെ ഉൾപ്പെടെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തുന്നത്. പ്രതിയായ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്തുവരികയാണ്.
അന്വേഷണത്തോട് സഹകരിക്കാതെയുള്ള നിലപാടാണ് സെബാസ്റ്റ്യൻ്റേത്. ഇത് അന്വേഷണത്തിന് കൂടുതൽ വെല്ലുവിളിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മുമ്പ് നടത്തിയ പരിശോധയിൽ അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തിയ അതേ സ്ഥലത്ത് നിന്നാണ് വീണ്ടും അസ്ഥികൾ കണ്ടെത്തിയിരിക്കുന്നത്. പുരയിടത്തിലുണ്ടായിരുന്ന കുളത്തിലെ വെള്ളം വറ്റിച്ചും പരിശോധന തുടരുകയാണ്. സെബാസ്റ്റ്യനെ രാവിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
നാല് സ്ത്രീകളെ കാണാതായതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം പുറലോകം അറിയുന്നത്. പല കാലഘട്ടങ്ങളിലായിട്ടാണ് ഇവരെ കാണാതായിരിക്കുന്നത്. കുളം വറ്റിച്ച് നടത്തിയ പരിശോധനയിൽ വസ്ത്രത്തിൻറെ ഭാഗങ്ങളും ഒരു കൊന്തയുടെ ഭാഗവും കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്ക് ഉൾപ്പെടെ ഇളക്കിയാണ് പരിശോധന നടത്തിയത്. ബിന്ദു പത്മനാഭൻ എന്ന സ്ത്രീയെ കാണാതായ അതേ സമയത്ത് സെബാസ്റ്റ്യൻ വീടിൻറെ ടൈൽ മാറ്റി പുതിയ ഗ്രനേറ്റ് പാകിയതും കേസിൻ്റെ നിർണായക തെളിവാണ്. ഇവിടെ എന്തെങ്കിലും കുഴിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുകയാണ്.
ചേർത്തലയിൽ കാണാതായ ഈ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയതാണോ എന്നതാണ് സംശയം. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ, കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടേകാൽ ഏക്കറോളം വരുന്ന സെബാസ്റ്റ്യൻ്റെ പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലവുമാണ് ഏറെയും. ഇവിടെ അധിക സ്ഥലത്തും നിലവിൽ പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ 23നാണ് അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കാണാതായത്. പിന്നീട് ഇവരുടെ മൊബൈൽ ഫോൺ 23 മുതൽ 25 വരെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിരിക്കുന്ന ടവർ പരിധിയിൽ ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതും കേസിന് നിർണായക വഴിത്തിരിവാണ്.