Amoebic Meningitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം പാലക്കാട് സ്വദേശിക്ക്, നില അതീവ ഗുരുതരം
Amoebic Meningitis In Kerala: ഈ മാസം ഒമ്പത് മുതൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിലാണിയാൾ. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പനി, സഹിക്കാൻ പറ്റാത്ത തലവേദന, ഛർദി, ഓക്കാനും, കഴുത്ത് വേദന, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningitis) സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം ഒമ്പത് മുതൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിലാണിയാൾ. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചിരുന്നു.
കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയാണ് മരിച്ച സ്ത്രീ. സെപ്റ്റംബർ 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബറിൽ മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നാമത്തെ കേസാണിത്. രോഗം ബാധിച്ചതിൻ്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല.
ALSO READ: അമീബിക് മസ്തിഷ്‌ക ജ്വര മരണസംഖ്യ ഉയരുന്നു; കൊല്ലം സ്വദേശിനി മരിച്ചു
പനി, സഹിക്കാൻ പറ്റാത്ത തലവേദന, ഛർദി, ഓക്കാനും, കഴുത്ത് വേദന, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ രോഗം മൂർച്ഛിക്കുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങളും കണ്ടുതുടങ്ങും. 97 ശതമാനം മരണനിരക്കുള്ള രോഗം കൂടിയാണിത്.
സംസ്ഥാനത്ത് ആശങ്കയുയർത്ത് അമീബിക് മസ്തിഷ്ക ജ്വരം പടർന്നുപിടിക്കുകയാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല എന്നതാണ് ആശ്വാസം. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തുന്നതാണ് രോഗം പടരാനുള്ള പ്രധാന കാരണം. മലിനജലം വഴിയോ അല്ലെങ്കിൽ കുളങ്ങൾ, പുഴ, കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയവയിൽ കുളിക്കുന്നത് വഴിയോ ആണ് രോഗകാരി മനുഷ്യ ശരീരത്തിലേക്ക് എത്തുക. അങ്ങനെ തലച്ചോറിലെത്തുന്ന അമീബ അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.