Railway Update: ദീപാവലി പ്രമാണിച്ച് കൊല്ലത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ; നാളെ റിസർവേഷൻ ആരംഭിക്കും
Two Special Trains To Kollam During Diwali: ദീപാവലി പ്രമാണിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ. കൊല്ലത്തേക്കും കൊല്ലത്തുനിന്നും രണ്ട് വീതം സർവീസുകളാണ് പ്രഖ്യാപിച്ചത്.
ദീപാവലി പ്രമാണിച്ച് കൊല്ലത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചുമാണ് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ദീപാവലിയിലെ തിരക്ക് പ്രമാണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതെന്ന് ദക്ഷിണ റെയിലേ അറിയിച്ചു. ഈ രണ്ട് ട്രെയിനുകളുടെയും സീറ്റ് റിസർവേഷൻ ഈ മാസം 13ന് ആരംഭിക്കും.
ട്രെയിൻ നമ്പർ 06561 ബെംഗളൂവിൽ നിന്ന് കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഈ മാസം 16 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സർവീസ് ആരംഭിക്കും. 17ന് രാവിലെ 6.20ന് സർവീസ് കൊല്ലത്തെത്തും. ട്രെയിൻ നമ്പർ 06562 കൊല്ലത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് ഒക്ടോവർ 17നാണ്. രാവിലെ 10.45ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് പുലർച്ച 3.30ന് ബെംഗളൂവിലെത്തും. പാലക്കാട് – എറണാകുളം ടൗൺ – കോട്ടയം വഴിയാണ് സർവീസ്. പ്രധാനപ്പെട്ട സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുണ്ട്.
മറ്റ് രണ്ട് സർവീസുകൾ ഒക്ടോബർ 21, 22 തീയതികളിലാണ്. ഒക്ടോബർ 21ന് കൊല്ലത്തേക്കും 22ന് ബെംഗളൂരുവിലേക്കുമാണ് സർവീസുകൾ. ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ നമ്പർ 06567 ഒക്ടോബർ 21 രാത്രി 11 മണിക്ക് സർവീസ് ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്തെത്തും. തിരികെയുള്ള സർവീസ് (ട്രെയിൻ നമ്പർ 06568) ഒക്ടോബർ 22ന് വൈകുന്നേരം അഞ്ച് മണിക്കാണ് കൊല്ലത്തുനിന്ന് സർവീസ് ആരംഭിക്കുക. പിറ്റേന്ന് രാവിലെ 9.45ന് ഈ ട്രെയിൻ ബെംഗളൂരുവിലെത്തും. ഈ ട്രെയിനും പാലക്കാട് – കോട്ടയം റൂട്ടിലാണ് സർവീസ് നടത്തുക. എല്ലാ പ്രധാനപ്പെട്ട സ്റ്റേഷനുകളിലും നിർത്തും.