Amoebic meningoencephalitis: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Amoebic Meningoencephalitis Cases Rise in Kerala: വേനൽക്കാലത്ത് ജലസ്രോതസ്സുകളിലെ വെള്ളം കുറയുന്നതിനാൽ ചെളിയിലുള്ള അമീബയുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകിയിരുന്നു.
മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസ്സുകാരിക്കാണ് രോഗബാധ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച കുട്ടി രണ്ടാഴ്ച മുമ്പ് ഒരു നീന്തൽക്കുളത്തിൽ കുളിച്ചിരുന്നതായി കുടുംബം ആരോഗ്യപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.
ഇതോടെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം പതിനൊന്നായി. രാമനാട്ടുകര സ്വദേശിയായ മറ്റൊരു രോഗി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. വേനൽക്കാലത്ത് ജലസ്രോതസ്സുകളിലെ വെള്ളം കുറയുന്നതിനാൽ ചെളിയിലുള്ള അമീബയുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ, പൊതു കുളങ്ങളിലും ജലാശയങ്ങളിലും കുളിക്കുന്നവർ ജാഗ്രത പാലിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വാട്ടർ ടാങ്കുകൾ ചെളിയില്ലാതെ വൃത്തിയാക്കണം.
- സ്വിമ്മിങ് പൂളുകളിലെയും അമ്യൂസ്‌മെന്റ് പാർക്കുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം.
- ശക്തമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.