Amoebic Meningoencephalitis: പിടിച്ചുകെട്ടണം അമീബിക് മസ്തിഷ്കജ്വരത്തെ… അരയും തലയും മുറുക്കി കേരളം, പഠനം തുടങ്ങി
Amoebic Meningoencephalitis in Kerala: രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തുകയും രോഗികളുടെ വീടുകളിലെയും പരിസരങ്ങളിലെയും സാഹചര്യങ്ങൾ, ജലസ്രോതസ്സുകൾ, വ്യക്തിഗത ശീലങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
കോഴിക്കോട് : സംസ്ഥാനത്ത് വർധിച്ചു വരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) ബാധിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചറിയാൻ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈയിലെ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ (NIE) വിദഗ്ദ്ധരും സംയുക്തമായി ഫീൽഡ് തല പഠനം ആരംഭിച്ചു. ഈ അപൂർവവും അതിമാരകവുമായ രോഗത്തിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് കോഴിക്കോട് തുടക്കം കുറിച്ച് പഠനം വിപുലമാക്കുന്നത്.
ഈ വർഷം ഒക്ടോബർ 25 വരെ സംസ്ഥാനത്ത് 144 അമീബിക് മസ്തിഷ്‌ക ജ്വര കേസുകളും 30 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തുകയും രോഗികളുടെ വീടുകളിലെയും പരിസരങ്ങളിലെയും സാഹചര്യങ്ങൾ, ജലസ്രോതസ്സുകൾ, വ്യക്തിഗത ശീലങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
Also read – ഒന്ന് ആശ്വസിക്കാം… നാളെ മുതൽ മഴ മാറിനിൽക്കുമോ?
ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചതനുസരിച്ച്, അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തിൽ 99 ശതമാനം മരണ നിരക്കുള്ള ഈ രോഗത്തിന്റെ മരണനിരക്ക്, ഫലപ്രദമായ ഇടപെടലുകളിലൂടെയും രോഗം നേരത്തെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കിയതിലൂടെയും കേരളത്തിൽ 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചു.
2024 ഓഗസ്റ്റ് മാസത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഐസിഎംആർ, ഐഎവി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി), പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ടെക്‌നിക്കൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. അതിന്റെ തുടർച്ചയാണ് നിലവിൽ ആരംഭിച്ചിട്ടുള്ള ഫീൽഡ് തല പഠനം. കൂടാതെ, മസ്തിഷ്‌കജ്വരം ബാധിക്കുന്ന എല്ലാ രോഗികൾക്കും അമീബിക് മസ്തിഷ്‌ക ജ്വര പരിശോധനകൾ കൂടി നടത്താൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്.