KSRTC: കെഎസ്ആര്‍ടിസിയില്‍ ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍; വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍
TP Ramakrishnan About KSRTC: കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മാനേജ്‌മെന്റ് നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം ശക്തമാകുമെന്നും കണ്‍വീനര്‍ മധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. നിതീകരണേ ഇല്ലാത്ത തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത്. കെഎസ്ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യ തൊഴിലാളികളെ പരിഗണിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മാനേജ്‌മെന്റ് നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം ശക്തമാകുമെന്നും കണ്‍വീനര്‍ മധ്യമങ്ങളോട് പറഞ്ഞു. ഏകപക്ഷീയമായ സമീപനമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴിലാളികളെയോ, സംഘടനകളെയോ പരിഗണിച്ചല്ല മാനേജ്‌മെന്റ് മുന്നോട്ടുപോകുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമുണ്ടാകുന്നില്ല. എന്തുകൊണ്ടാണ് മാനേജ്‌മെന്റ് സംഘടനകളുമായി ചര്‍ച്ച ചെയ്യാത്തത്. സമരം ഒഴിവാക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ ബദല്‍ ജീവനക്കാരെ മാനേജ്‌മെന്റ് മാറ്റിനിര്‍ത്തിയെന്നും രാമകൃഷ്ണന്‍ പറയുന്നു.




സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ മാനേജ്‌മെന്റ് വിശ്വാസത്തിലെടുക്കണം. യാതൊരുവിധത്തിലുള്ള നീതീകരണവും ഇല്ലാത്ത പരിഷ്‌കാരങ്ങളാണ് നിലവില്‍ നടക്കുന്നത്. ഭരണപരിഷ്‌കാരം കൊണ്ടുമാത്രം കെഎസ്ആര്‍ടിസി രക്ഷപ്പെടില്ല. ആദ്യം തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. 125 ബദല്‍ ജീവനക്കാരെ മാറ്റി നിര്‍ത്തിയതിന് എതിരെയാണ് സമരം. അടിയന്തരമായി മാനേജ്‌മെന്റ് തൊഴിലാളികളുമായി ചര്‍ച്ച നടത്തണം. സ്ഥാപനത്തിന്റെ നിലനില്‍പ്പ് മുന്നില്‍ കണ്ടാണ് തൊഴിലാളികള്‍ സഹകരിക്കുന്നതെന്നും കണ്‍വീനര്‍ ഓര്‍മ്മപ്പെടുത്തി.
തൊഴിലാളികള്‍ എന്തുകൊണ്ടാണ് കൂടെ നില്‍ക്കുന്നതെന്ന് മനസിലാക്കാന്‍ എംഡിയ്ക്ക് സാധിക്കണം. എന്നാല്‍ തെറ്റായ കാര്യങ്ങളാണ് നടപ്പാക്കുന്നത്. തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടത്. രണ്ടറകള്‍ തീര്‍ക്കുന്നത് കൊണ്ട് മാത്രം സ്ഥാപനം വളരില്ല. മാനേജ്‌മെന്റ് നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കേരളമൊന്നാകെ സമരം തുടരുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, മാറ്റിനിര്‍ത്തപ്പെട്ട മുഴുവന്‍ ബദല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാണ് സിഐടിയുവിന്റെ ആവശ്യം. സൂപ്പര്‍ക്ലാസ് സര്‍വീസുകളിലെ ഡ്യൂട്ടികള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. മാറ്റിനിര്‍ത്തപ്പെട്ട ജീവനക്കാരില്‍ ഭൂരിഭാഗവും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നും വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോ ചെയ്യുന്നവരാണെന്നും സിഐടിയു പറഞ്ഞു.