Amoebic Meningoencephalitis: ഭീതി പടർത്തി അമീബിക് മസ്തിഷ്ക ജ്വരം; ഒൻപത് പേർ ചികിത്സയിൽ
Amoebic Meningoencephalitis In Kerala: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് ഒൻപത് പേരാണ് ചികിത്സയിലുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.

Amoebic Meningoencephalitis
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയൊഴിയാതെ അമീബിക് മസ്തിഷ്ക ജ്വരം വ്യാപനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് ഒൻപത് പേരാണ് ചികിത്സയിലുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
അതേസമയം കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ ആശങ്ക സൃഷ്ടിച്ചു. ഇതോടെ ജോലി ചെയ്തിരുന്ന ഹോട്ടൽ അടച്ചുപൂട്ടി.
Also Read:ജാഗ്രത! സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് 13കാരന്
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. മരണ സാധ്യത വളരെ കൂടുതലാണ്. വളരെ അപൂര്‍വമായി മാത്രമേ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരും. ശക്തിയായ പനി, ഛർദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക എന്നതാണ് പ്രധാനമായും രോഗം തടയാനുള്ള മാർഗം. ചെറിയ കുളങ്ങള്‍, കിണറുകല്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.