Antony Raju: അയോഗ്യത ഉത്തരവിറങ്ങുന്നതിന് മുമ്പ് രാജി വെക്കാനുള്ള ആന്റണി രാജുവിന്റെ നീക്കം നടക്കില്ല? കാരണം ഇതാണ്

Antony Raju MLA Disqualification: കോടതി ശിക്ഷിച്ചതോടെ നിയമസഭാംഗത്വത്തിന് അയോഗ്യനായതിനാല്‍ ഇനി ആന്റണി രാജുവിന് രാജിവെക്കാന്‍ കഴിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്‌

Antony Raju: അയോഗ്യത ഉത്തരവിറങ്ങുന്നതിന് മുമ്പ് രാജി വെക്കാനുള്ള ആന്റണി രാജുവിന്റെ നീക്കം നടക്കില്ല? കാരണം ഇതാണ്

Antony Raju

Published: 

04 Jan 2026 | 02:02 PM

തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണി രാജു, എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനായെന്ന് സ്പീക്കറുടെ ഓഫീസ്. കോടതി ശിക്ഷിച്ചതോടെ നിയമസഭാംഗത്വത്തിന് അയോഗ്യനായതിനാല്‍ ഇനി ആന്റണി രാജുവിന് രാജിവെക്കാന്‍ കഴിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇനി ആന്റണി രാജുവിന്റെ രാജി സ്വീകരിക്കാനാകില്ലെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കുന്ന വിശദീകരണം.

അയോഗ്യത ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് രാജി വെയ്ക്കാനായിരുന്നു ആന്റണി രാജുവിന്റെ നീക്കം. ആന്റണി രാജുവിന് ഇതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ അയോഗ്യത നിലവില്‍ വന്നതിനാല്‍ ഇനി രാജിക്ക് പ്രസക്തിയില്ലെന്നാണ് സ്പീക്കറുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നത്. അയോഗ്യത വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ ഔദ്യോഗികമായി ആന്റണി രാജു അയോഗ്യനാകും. ജനപ്രാതിനിധ്യ നിയമം 8(3) പ്രകാരം ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ദിവസം മുതല്‍ ആറു വര്‍ഷത്തേക്ക് മത്സരിക്കാനും ആന്റണി രാജു വിലക്ക് നേരിടും.

അപ്പീല്‍ നല്‍കാന്‍ നീക്കം

എന്നാല്‍ കോടതി വിധിക്കെതിരെ ആന്റണി രാജു അപ്പീല്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അപ്പീലില്‍ അനുകൂല തീരുമാനമുണ്ടായാല്‍ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനത്തേക്ക് തിരികെയെത്താനാകും. ഇത് മാത്രമാണ് ആന്റണി രാജുവിന് മുന്നിലുള്ള ഏക സാധ്യത. കൂട്ടുപ്രതി കെഎസ് ജോസും അപ്പീല്‍ നല്‍കിയേക്കും. അപ്പീല്‍ നല്‍കുന്നതിന് ഒരു മാസം സമയം അനുവദിച്ചുകൊണ്ട് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.

Also Read: Evidence Tampering Case: അപ്പീൽ നൽകാനൊരുങ്ങി അയോഗ്യനായ ആൻ്റണി രാജു എംഎൽഎ; കൂട്ടുപ്രതി ജോസും അപ്പീൽ നൽകും

ഇന്നലെയാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനും, ജോസിനും ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കല്‍, വ്യാജത്തെളിവ് ഉണ്ടാക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് തെളിഞ്ഞത്. 1990 ഏപ്രില്‍ നാലിന് ഹാഷിഷുമായി തിരുവനന്തപുരത്ത് പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നാണ് കേസ്.

സീറ്റ് വേണം

ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം സീറ്റിന് ഇടതുമുന്നണിയില്‍ വിവിധ പാര്‍ട്ടികള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇനി എല്‍ഡിഎഫ് സീറ്റ് നല്‍കിയേക്കില്ല. സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികളാണ് തിരുവനന്തപുരം സീറ്റ് ലക്ഷ്യം വയ്ക്കുന്നത്. സീറ്റ് സിപിഎം ഏറ്റെടുക്കാനാണ് സാധ്യത.

Follow Us
ചർമ്മം തിളങ്ങാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ചെങ്കണ്ണ് ബാധിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ
മരുന്ന് വേണ്ട, പ്രമേഹം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളി വീട്ടിൽ തന്നെ വിളയിക്കാം; ടെറസിലും പറ്റും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി