Women in gov. job: 45 വയസ് വരെ നിയമനം, പ്രസവാവധി കഴിഞ്ഞാലും വർക്ക് ഫ്രം ഹോം; സർക്കാർ സർവീസിൽ സ്ത്രീകൾക്കായി വമ്പൻ ഓഫറുകൾ ഒരുങ്ങുന്നു
Appointment Age Limit upto 45 years: 45 വയസ് വരെ നിയമനം, പ്രസവാവധി കഴിഞ്ഞാലും വർക്ക് ഫ്രം ഹോം; സർക്കാർ സർവീസിൽ സ്ത്രീകൾക്കായി വമ്പൻ ഓഫറുകൾ ഒരുങ്ങുന്നു
തിരുവനന്തപുരം: ഉത്തരവാദിത്തങ്ങൾ കാരണം പഠിക്കാനും സർക്കാർ ജോലി നേടാനും വൈകിപ്പോയവർക്ക് സന്തോഷ വാർത്ത. പി.എസ്.സി. നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. സർക്കാർ ജോലിയിൽ സ്ത്രീ പങ്കാളിത്തം കൂട്ടുന്നതിനാണ് പ്രായപരിധി കൂട്ടുന്നത് ഉൾപ്പെടെയുള്ള ശുപാർശകൾ മുന്നോട്ടു വച്ചത്.
ഇതിനായി സർക്കാർ, സ്വകാര്യ മേഖലകളിലെ വനിതാ തൊഴിൽ പങ്കാളിത്തത്തെപ്പറ്റി കമ്മിഷൻ വിശദമായി പഠിച്ചു. തുടർന്ന് നടപടികൾക്കായി തൊഴിൽ വകുപ്പിന് നിർദേശങ്ങളും സമർപ്പിച്ചു. വിവാഹം, കുടുംബം തുടങ്ങിയ കാരണങ്ങളാൽ സ്ത്രീകളുടെ തുടർപഠനവും തൊഴിൽസാധ്യതയും ഇന്ന് കൂടി വരികയാണ്.
ഇത്തരം സാഹചര്യങ്ങൾ വിലയിരുത്തിയാണ് സർക്കാർ മേഖലയിൽ കൂടുതൽ അവസരം ഉറപ്പാക്കാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പ് ഇടപെടണമെന്ന ആവശ്യം ഉയർന്നത്. ഗർഭധാരണവും പ്രസവവുമാണ് സ്ത്രീകൾ പലപ്പോഴും തൊഴിൽ മേഖലയിൽ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇത് മുന്നിൽ കണ്ടിട്ടുള്ള സ്ത്രീ സൗഹൃദ ശുപാർശകളും മുന്നോട്ടു വെച്ചിട്ടുണ്ട്.
ALSO READ – മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ്
ഗർഭിണികൾക്കും പ്രസവാവധി കഴിഞ്ഞവർക്കും ഒരു വർഷമെങ്കിലും വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നതാണ് ഇതിൽ പ്രധാനം. സ്വകാര്യമേഖലയിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയമം കൊണ്ടുവരാനും, പൊതുമേഖലയിലെ വേതനത്തിന്റെ 80 ശതമാനമെങ്കിലും സ്വകാര്യമേഖലയിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടി വേണമെന്നും ശുപാർശ ചെയ്തു.
തൊഴിലാളി ക്ഷേമത്തിന് സ്വകാര്യ ചെറുകിട സ്ഥാപനങ്ങൾ ലാഭത്തിന്റെ 30 ശതമാനം വീതിക്കലും മറ്റും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. പെൺകുട്ടികളുടെ പ്രവേശനത്തിന് തിരക്കുള്ള പി.ജി. കോഴ്‌സുകൾ തൊഴിലധിഷ്ഠിതമാക്കൽ, പാർടൈം ജോലികൾക്കും ഇന്റേൺഷിപ്പുകൾക്കും അധിക ക്രെഡിറ്റ് തുടങ്ങിയ നിർദേശങ്ങളും കമ്മിഷൻ നൽകിയതിൽ ഉണ്ട്.
നികുതിയിളവ്, കുറഞ്ഞനിരക്കിൽ യാത്രാസൗകര്യം, പത്ത്, പ്ലസ്‌ടു, യു.ജി., പി.ജി.ക്കാർക്ക് തൊഴിൽനൈപുണ്യം, കംപ്യൂട്ടർ സാക്ഷരത എന്നിവയ്ക്ക് പാഠ്യപദ്ധതി, ശമ്പളവർധനയ്ക്കും അവധി നിയമങ്ങൾക്കും ഏകീകൃത മാനദണ്ഡം എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.