Arjun Rescue Mission: ‘ഞാന്‍ വണ്ടിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നാണ് എല്ലാവരും പറഞ്ഞത്, എനിക്ക് വണ്ടി വേണ്ട’; കണ്ണീരോടെ മനാഫ്
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന് പരിസമാപ്തി. അര്‍ജുന്റെ ലോറി കണ്ടെത്തിയതില്‍ വികാരഭരിതനായി പ്രതികരിച്ച് ലോറി ഉടമ മനാഫ്.
ഷിരൂര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന് (Arjun Rescue Mission) പരിസമാപ്തി. അര്‍ജുന്റെ ലോറി കണ്ടെത്തിയതില്‍ വികാരഭരിതനായി പ്രതികരിച്ച് ലോറി ഉടമ മനാഫ്. താന്‍ വാഹനം ലഭിക്കുന്നതിനാണ് കാത്തിരിക്കുന്നതെന്ന് പലരും പരിഹസിച്ചുവെന്നും തനിക്ക് വാഹനം വേണ്ടെന്നും മനാഫ് വിതുമ്പികൊണ്ട് പ്രതികരിച്ചു.
വണ്ടി കിട്ടാന്‍ വേണ്ടി മാത്രമാണ് എന്റെ ശ്രമം എന്നാണ് പലരും പ്രചരിപ്പിച്ചത്. വണ്ടി എനിക്ക് വേണ്ട, അര്‍ജുന്റെ അച്ഛന് കൊടുത്ത വാക്ക് ഞാന്‍ പാലിച്ചു. പലരും ഇട്ടിട്ട് പോയി, എനിക്ക് ഇട്ടിട്ട് പോകാന്‍ തോന്നിയില്ല, പോയിട്ടുമില്ല. ഞാന്‍ ആദ്യം മുതലേ പറയുന്നുണ്ട്, വണ്ടിയില്‍ അവനുണ്ടെന്ന്. അതിപ്പോള്‍ ശരിയായില്ലേയെന്നും മനാഫ് ചോദിച്ചു.
അര്‍ജുന് എന്നില്‍ വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും താനുണ്ടാകുമെന്ന് അവനറിയാം. അവനെ അവന്റെ വീട്ടിലെത്തിക്കുകയാണ് വേണ്ടത്. അവന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത വാക്ക് പാലിച്ചു. വണ്ടി പൊന്തിച്ച് അവനെ ഇറക്കി ബാക്കിയുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. അവനെ വീട്ടിലെത്തിക്കണം. വണ്ടിയും തടിയും ഒന്നും തനിക്ക് വേണ്ടായെന്നും മനാഫ് പറഞ്ഞു.
Also Read: Arjun Rescue Mission: അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനിനുള്ളില്‍ മൃതദേഹം
അപകടം സംഭവിച്ച നാള്‍ മുതല്‍ മൃതദേഹം ക്യാബിനിനുള്ളില്‍ ഉണ്ടാകുമെന്ന് താന്‍ പറഞ്ഞിരുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസം വലിയ ത്യാഗം സഹിക്കേണ്ടി വന്നു. തെരച്ചില്‍ പുനരാരംഭിക്കാന്‍ ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തനിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായെന്നും അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സാധിച്ചുവെന്നും മനാഫ് പറഞ്ഞു.
എല്ലാവരും ചോദിച്ചിരുന്ന ചോദ്യത്തിനുള്ള ഉത്തരം ഇതോടെ ലഭിച്ചുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും പറഞ്ഞു. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചത് മുതല്‍ താന്‍ ഷിരൂരിലുണ്ട്. അവന്‍ തിരിച്ച് വരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തണം എന്നതായിരുന്നു പ്രധാനമെന്ന് ജിതിന്‍ കൂട്ടിച്ചേര്‍ത്തു.
ജൂലൈ പതിനാറാം തീയതിയാണ് ദേശീയപാത 66ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍ നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍പ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചു. കാര്‍വാര്‍-കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്തായിരുന്നു മണ്ണിടിച്ചിലുണ്ടായത്.
റോഡിന്റെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്ക് തെറിച്ചുവീണ് ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ സമയം അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ട വിവരം ആരും അറിഞ്ഞിരുന്നില്ല. പിന്നീട് അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം അറിഞ്ഞത്.
അതേസമയം, ലോറിയില്‍ മൃതദേഹഭാഗങ്ങള്‍ പുറത്തെടുത്തു. ക്യാബനിനുള്ളി എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മൃതദേഹഭാഗങ്ങള്‍ പുറത്തെടുത്തത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷമായിരിക്കും അര്‍ജുന്റെ മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിക്കുക. അര്‍ജുന്റെ സഹോദരന്റെ രക്ത സാമ്പിളുകള്‍ നേരത്തെ ശേഖരിച്ചിരുന്നു. ഈ ഡിഎന്‍എയുമായി മൃതദേഹഭാഗങ്ങള്‍ ഒത്തുനോക്കും.
എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ ലോറിയുടെ മുകളിലേക്ക് കയറിയതിന് ശേഷമാണ് മൃതദേഹഭാഗം പുറത്തെടുത്തത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണുള്ളത്. സിപി 2വില്‍ നിന്നാണ് നിലവില്‍ ലോറി കണ്ടെടുത്തത്. ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി ഉണ്ടായിരുന്നത്.