Arjun Rescue Mission: അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനിനുള്ളില്‍ മൃതദേഹം
Arjun's Lorry Found: സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തനിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായെന്നും അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സാധിച്ചുവെന്നും മനാഫ് വിതുമ്പി കൊണ്ട് പറഞ്ഞു.
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി (Arjun Rescue Mission) കണ്ടെത്തി. കാണാതായി 71ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. വാഹനത്തിന്റെ ക്യാബിനിനുള്ളിലാണ് മൃതദേഹം. കോണ്‍ടാക്ട് പോയിന്റ് രണ്ടില്‍ നിന്നാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. അര്‍ജുന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍ എസ്ഡിആര്‍എഫ് സംഘം ബോട്ടിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ അര്‍ജുന്റേതാണെന്ന് സ്ഥിരീക്കുക.
അപകടം സംഭവിച്ച നാള്‍ മുതല്‍ മൃതദേഹം ക്യാബിനിനുള്ളില്‍ ഉണ്ടാകുമെന്ന് താന്‍ പറഞ്ഞിരുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസം വലിയ ത്യാഗം സഹിക്കേണ്ടി വന്നു. തെരച്ചില്‍ പുനരാരംഭിക്കാന്‍ ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി ചെയ്തു. വണ്ടി എനിക്ക് വേണ്ട, ഞാന്‍ വണ്ടിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നാണ് എല്ലാവരും പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തനിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായെന്നും അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സാധിച്ചുവെന്നും മനാഫ് വിതുമ്പി കൊണ്ട് പറഞ്ഞു.
എല്ലാവരും ചോദിച്ചിരുന്ന ചോദ്യത്തിനുള്ള ഉത്തരം ഇതോടെ ലഭിച്ചുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചത് മുതല്‍ താന്‍ ഷിരൂരിലുണ്ട്. അവന്‍ തിരിച്ച് വരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തണം എന്നതായിരുന്നു പ്രധാനമെന്ന് ജിതിന്‍ പറഞ്ഞു.
ലോറിയുടെ ക്രാഷ് ഗാര്‍ഡ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ലോറിയില്‍ ഉപയോഗിച്ചിരുന്ന കയറും കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് മനാഫ് അന്നേ ദിവസം തന്നെ പറഞ്ഞിരുന്നു.
എല്ലാ പുതിയ വാഹനങ്ങളുടെയും പുറകില്‍ ഒരു ക്രാഷ് ഗാര്‍ഡ് ഉണ്ടാകും. ദൂരത്ത് നിന്ന് കണ്ടാല്‍ തന്നെ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് മനസിലാകും. ക്രാഷ് ഗാര്‍ഡ് എപ്പോള്‍ പൊട്ടിയത് ആണെന്ന് അതിന്റെ നട്ട് ബോള്‍ഡിന്റെ എഡ്ജില്‍ നോക്കിയാല്‍ മനസിലാകും. 15 ടണ്ണിലേറെ ഭാരമുള്ള വാഹനം അധിക ദൂരത്തേക്ക് പോകാന്‍ സാധ്യതയില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു.
ജൂലൈ പതിനാറാം തീയതിയാണ് ദേശീയപാത 66ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍ നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍പ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചു. കാര്‍വാര്‍-കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്തായിരുന്നു മണ്ണിടിച്ചിലുണ്ടായത്.
റോഡിന്റെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്ക് തെറിച്ചുവീണ് ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ സമയം അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ട വിവരം ആരും അറിഞ്ഞിരുന്നില്ല. പിന്നീട് അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം അറിഞ്ഞത്.